2014, മാർച്ച് 6, വ്യാഴാഴ്‌ച

പ്രണയ സ്വപ്‌നങ്ങൾ (കഥ)




മുറ്റത്തിന്റെ വടക്കേക്കോണിൽ പൂത്തുവിടർന്ന  റോസാപ്പുഷ്പത്തിന്റെ  മനോഹാരിതയിൽ ലയിച്ചു സ്വപ്നം കണ്ടു നില്ക്കുകയാണ്  നയന. അവളുടെ ചുണ്ടിലേതോ മൂളിപ്പാട്ടു തത്തിക്കളിക്കുന്നു   ഏതോ പഴയ യുഗ്മ ഗാനത്തിന്റെ ഈറനണിഞ്ഞ ഈരടികൾ. നിർമ്മലമായ  പ്രണയത്തിന്റെ  മാസ്മരികത അവളെ അടിമുടി ആനന്ദത്തിന്റെ  മൂർധന്യതയിൽ എത്തിച്ചിരിക്കുന്നു. അവളുടെ വിടർന്ന നയനങ്ങളിലും തുടുത്ത കവിളിണയിലും ചുവന്ന ചുണ്ടുകളിലുമാപ്പോൾ  ഏതോ അപൂർവപുഷ്പത്തിന്റെ  അഭൗമ ചാരുത ഒളിമിന്നി. നീണ്ട ഇടതൂർന്ന മുടിയിഴകൾ ഇടയ്ക്കിടെ അവൾ കൈകൾകൊണ്ടു  കോതിയൊതുക്കി .  മധുരസ്വപ്നങ്ങളുടെ ആനന്ദ വിഹായസ്സിൽ ചരടറ്റ പട്ടം പോലെ പറന്നുയരുകയായിരുന്നു അവൾ.  നീലാകാശച്ചെരുവിലൂടെ,  മേഘക്കീറുകൾക്കിടയിലൂടെ, ഒരു മാലാഖയെപ്പോലെ വെള്ളിച്ചിറകുകൾ  വിടർത്തി അവൾ പറന്നു നടന്നു.  
മകളുടെ സകലതും മറന്ന നില്പുകണ്ടുകൊണ്ട്  പിന്നിൽ വന്നുനിന്ന പത്മാവതിയമ്മ ചിരിയടക്കി.  അവർ മെല്ലെ ചെന്ന് നയനയുടെ തോളിൽ പിടിച്ചു. ആ സ്പർശം അവളിലെ  സുന്ദര സ്വപ്നങ്ങളുടെ  ചിറകരിഞ്ഞു . സ്ഥലകാലബോധത്തിലേക്ക്  ചിത്തം പിടഞ്ഞുണർന്നു.  

"എന്താ മോളേ  മുറ്റമടിക്കാനിറങ്ങീട്ടു നീ  സ്വപ്നം കണ്ടു നില്പാ..."  

" ഏയ്‌.. ഒന്നുമില്ലമ്മേ.."  അവൾ ജാള്യത മറക്കാൻ പാടുപെട്ടു.  നാണത്തിൽ കുതിർന്ന പുഞ്ചിരി ആ ചുണ്ടിൽ വിടർന്നു.  

  
പത്മാവതിയമ്മക്കു കാര്യം പിടികിട്ടി. വിശാൽ ഗൾഫീന്ന്  വരുന്നുണ്ടെന്നറിഞ്ഞതിന്റെ  ആഹ്ലാദമാണ് മകളുടെ ഈ സ്വപ്നം കാണലിനു പിന്നിൽ.  താനും സന്തോഷിക്കേണ്ടാതാണ് പക്ഷേ അതിലും ഒരുപാട്  സന്തോഷിക്കേണ്ടയാൾ തന്നെ വിട്ടകന്നുപോയി. താങ്ങാവുന്നതിലപ്പുറം വേദനകൾ തന്ന്.  മകൾക്ക്  ഭർത്താവായി ഒരു ഗുൾഫുകാരനെയോ സർക്കാരുദ്യോഗസ്തനെയോ മാത്രം മതിയെന്നു ഠിച്ചയാൾ. അതിനായി അവൾ പിറന്ന നാൾ മുതൽ കഷ്ടപ്പെട്ടു പണം സമ്പാദിച്ചു സ്വരുക്കൂട്ടി അദ്ദേഹം കാത്തിരുന്നു , തന്റെ ചന്ദ്രേട്ടൻ.  അയാളെക്കുറിച്ചോർത്തപ്പോൾ  അവരുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ അടർന്നു വീണു കവിൾ നനച്ചു.  

മകൾ അയൽവക്കത്തുള്ള  ചെറുപ്പക്കാരനുമായി  പ്രണയത്തിലാണെറിഞ്ഞപ്പോൾ ആ ഹൃദയം ഒരുപാടു വേദനിച്ചു. വിശാലിനന്ന് അടുത്തുള്ള  
കമ്പ്യൂട്ടർ സെന്ററിൽ കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്ന ജോലിയായിരുന്നു. നയനയെ തനിക്കു വിവാഹം കഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട്  വിശാൽ അന്ന്  സധൈര്യം വീട്ടിലേക്കു കയറിവന്നു.  
     
"ഒന്നേമുക്കാ ചക്രത്തിന്റെ  ശമ്പളക്കാരന്  തരാൻ  ഇവിടെ പെണ്ണില്ല."   

 അന്നവനെ ചന്ദ്രേട്ടൻ നിഷ്കരുണം വീട്ടിൽനിന്നും ആട്ടിയിറക്കി വാതിലടച്ചു.  പക്ഷേ വിശാലിനെയല്ലാതെ  മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന മകളുടെ വാശിക്കു മുന്നിൽ അയാൾ പതറി. വിശാലിന് ഗൾഫിൽ ജോലികിട്ടി എന്നറിഞ്ഞപ്പോൾ എല്ലാവരും അതിരറ്റു സന്തോഷിച്ചു.  പക്ഷേ അതിനധികം ആയുസ്സുണ്ടായില്ല .  ദുർവിധി ഹൃദ്രോഗത്തിന്റെ രൂപത്തിൽ വന്ന് അദ്ദേഹത്തിൻറെ  ജീവൻ കവർന്നെടുത്തു.  അവർ സാരിത്തലപ്പുകൊണ്ട്  കണ്ണ് തുടച്ചു.  

നയനയപ്പോൾ മുറ്റമടിച്ചു കഴിഞ്ഞിരുന്നു.  മുറ്റത്തു പൂത്തുപടർന്നു നില്ക്കുന്ന 
തെച്ചിയോട് ചേർന്ന മതിലിനു മുകളിലൂടെ ഇടയ്ക്കിടെ അവൾ അപ്പുറത്തേക്ക് എത്തിനോക്കുന്നുണ്ട്. രണ്ടു വീടുകൾക്കപ്പുറം കായലിനോട്  ചേർന്നുള്ള വിശാലിന്റെ വീടായിരുന്നു അവളുടെ ലക്‌ഷ്യം. തലേന്ന്  നാണിയമ്മ പറഞ്ഞത് വച്ചു നോക്കിയാൽ വിശാൽ രാവിലെതന്നെ എത്തേണ്ടതാണ്‌.  പുലർച്ചെ നാലുമണിക്ക്  നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റ്  ലാന്റ് ചെയ്യുമെന്നാണവർ പറഞ്ഞത്. വിശാൽ ഗൾഫിനു പോയതിൽപിന്നെ  നാണിയമ്മ മുഖേനയാണ് വിവരങ്ങളൊക്കെ അറിയുന്നത്. അടുത്ത വീടുകളിൽ പുറംപണിക്ക്  വേണ്ടി വരുന്നതാണ് നാണിയമ്മ. അല്പസ്വല്പം പരദൂഷണമൊക്കെയുണ്ടെങ്കിലും അവർ ആളൊരു പാവമാണ്. മുറ്റമടിച്ച ചൂൽ കഴുകി വച്ചിട്ട്  നയന വന്ന്  ഉമ്മറപ്പടിയിൽ ഇരുന്നു. 

 വിശാലിനെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ അകതാരിൽ തിരയിളക്കി. അമ്പലമുറ്റത്തും കായൽക്കരയിലും പാടവരമ്പത്തും വച്ചുള്ള 
അവരുടെ ഒറ്റപ്പെട്ട കണ്ടുമുട്ടലുകൾ. തമ്മിൽ ഒന്നും ഉരിയാടാതെ കണ്ണിൽക്കണ്ണിൽ നോക്കിനിന്ന സുന്ദര സായാഹ്നങ്ങൾ. അപ്പോൾ ആ നിസ്വാർഥ
പ്രണയം തെളിനിലാവായ്  പെയ്ത് കണ്ണുകളിലൂടെ ആത്മാവിന്റെ അന്തരാളങ്ങളിലേക്ക് പടരും . അവന്റെ  കണ്ണുകൾക്ക്‌  ഉദയ സൂര്യന്റെ ശോഭായായിരുന്നു. പകലെരിഞ്ഞടങ്ങിയ സായംസന്ധ്യയിൽ പാടവരമ്പിൽ വച്ചു  പോവുന്നതിന്റെ  തലേന്ന്  കണ്ടുമുട്ടിയപ്പോൾ  വിശാൽ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.  

" നീ കാത്തിരിക്കണം."  

ആ  കാത്തിരിപ്പു തുടങ്ങിയിട്ടിപ്പോൾ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പോയതിൽ പിന്നെ അവന്റെ ഒരു ഫോണ്‍ കോൾ പോലും ഉണ്ടായിട്ടില്ലെങ്കിലും ആ വാക്കുകളുടെ കരുത്തു മതിയായിരുന്നു 
അവൾക്കു കാത്തിരിക്കാൻ.   ഏതോ വാഹനത്തിന്റെ ശബ്ദം കായൽക്കാറ്റിലുലയുന്ന തെങ്ങോലകളുടെ ശീൽക്കാരത്തിനോപ്പം കാതിൽ വന്നലച്ചപ്പോൾ അവളുടെ മിഴികൾ തിളങ്ങി. ഓടിച്ചെന്നവൾ മതിലിനപ്പുറത്തേക്കു നോക്കി. വീടിന്റെ പോർച്ചിൽ വന്നുനിന്ന ഇന്നോവയിൽ നിന്നും ഇറങ്ങിയ വിശാലിനെ അവളുടെ കണ്ണുകൾ ഒപ്പിയെടുത്തു. അവൻ ആളാകെ മാറിയിരിക്കുന്നു.  മുഖത്തു  കറുത്ത കണ്ണട  വച്ചിട്ടുണ്ട് . ഇറുകിയ ജീൻസിനും ടീഷർട്ടിനുമുള്ളിൽ  ഒതുങ്ങിക്കൂടാൻ  ബദ്ധപ്പെടുന്ന പിളുന്തൻ ശരീരം. അത് കണ്ടപ്പോൾ  അവൾക്കു ചിരിയടക്കാൻ  കഴിഞ്ഞില്ല. മുടങ്ങാതെ ജിമ്മിൽ പോയി ശരീരസൗന്ദര്യം സൂക്ഷിച്ചിരുന്ന ആളാണ്‌. 

ഇന്നോവയുടെ പിന്നിലെ സീറ്റിൽ നിന്നും വിശാലിന്റെ അച്ഛനുമമ്മയ്ക്കും ഒപ്പം ഇറങ്ങിയ ജീൻസും ടോപ്പും ധരിച്ച സുന്ദരിപ്പെണ്ണിനെ കണ്ടപ്പോൾ നയനയുടെ മുഖം വാടി. സംശയത്തിന്റെ നേരിയ നിഴൽ ആ  കണ്ണിൽ പിടഞ്ഞു. തികഞ്ഞ സ്വാത
ന്ത്ര്യത്തോടെ അവന്റെ തോളിൽ പിടിച്ച് അവൾ അകത്തേക്ക്  പോകുന്നതുകണ്ടപ്പോൾ ആ സംശയം  ബലപ്പെട്ടു.  ഒരു തവണ പോലും വിശാൽ അവിടേക്ക് നോക്കിയില്ലെന്നതും അവൾ പ്രത്യേകം ശ്രദ്ധിച്ചു. നിറഞ്ഞ കണ്ണുകളുമായി  അകത്തേക്ക് പോവുന്ന മകളെ കണ്ടപ്പോൾ പത്മാവതിഅമ്മയുടെ ഉള്ളൊന്നു പിടഞ്ഞു.  അന്ന് വൈകുന്നേരം നാണിയമ്മ വന്നു പറഞ്ഞ കാര്യങ്ങൾ ആ അമ്മയേയും മകളേയും അപ്പാടെ തളർത്തിക്കളഞ്ഞു.  

" മോളിനി അവനേ  മറന്നേക്ക്‌.. ആ കൊച്ചന്റെ കല്യാണമൊക്കെ നിശ്ചയിച്ചു. ആ പെങ്കൊച്ചും വന്നിട്ടുണ്ട്. അതിനും അവിടാ ജോലി.  കല്യാണമൊക്കെ കഴിഞ്ഞ മാതിരിയാ 
ഇപ്പഴേ രണ്ടിന്റേം പെരുമാറ്റം." 

വായിൽക്കിടന്ന മുറുക്കാൻ ചവച്ചു പുറത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട്  അത്രയും പറഞ്ഞ് അവർ പോയി. 
അന്നു രാത്രി  പത്മാവതിയമ്മയും നയനയും അത്താഴം കഴിച്ചില്ല.  മകളുടെ വിളറി വെളുത്ത  മുഖത്തേക്ക്  നോക്കി ഒന്നും ചോദിക്കാൻ  പത്മാവതിയമ്മക്കു ധൈര്യമില്ലായിരുന്നു. തകർന്നുടഞ്ഞ മനസ്സുമായി നയന തലയിണയിൽ മുഖംപൂഴ്ത്തി കിടന്നു. വഞ്ചനയുടെ വികൃത മുഖം അവളെ നോക്കി പല്ലിളിച്ചു. ചുടു കണ്ണുനീർ തലയിണയെ നനച്ചുകൊണ്ടു നേർത്ത തണുപ്പായ് പരിണമിച്ചു. സങ്കടക്കടൽ പ്രക്ഷുബ്ദമായി മനസ്സിനെ  പിടിച്ചുലച്ചപ്പോൾ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നവൾ ഒരുനിമിഷം ചിന്തിച്ചു.  പക്ഷെ ആത്മഹത്യയേക്കുറിച്ച്  ഒരിക്കൽ ഏതോ പുസ്തകത്തിൽ വായിച്ചതവളോർത്തു. അതിലെ ഓരോ വാചകങ്ങളും അവളുടെ തകർന്ന മനസ്സിനു ബലം പകർന്നു

"ആത്മഹത്യ ഒന്നിനും പരിഹാരമല്ല,  ഭീരുക്കളേ ആത്മഹത്യ ചെയ്യൂ. പ്രതിസന്ധികൾ  ജീവിതത്തിൽ സർവ്വസാധാരണമാണ് .    അവയെ സധൈര്യം നേരിടുകയാണ് വേണ്ടത്. അങ്ങനെയുള്ളവരെ ജീവിതത്തിൽ വിജയിക്കൂ. 
അല്ലാതെ ആത്മഹത്യയിലൂടെ അതിൽനിന്നും ഒളിച്ചോടുകയല്ല വേണ്ടത്." 

പിറ്റേന്ന് കാലത്ത് പതിവുപോലെ വീട്ടുപണികൾ ചെയ്യുന്ന മകളുടെ മുഖത്ത്‌  തരിമ്പും ദുഖമില്ലെന്നത് പത്മാവതിയമ്മയെ അതിശയിപ്പിച്ചു. അന്ന് ഭഗവതി അമ്പലത്തിന്റെ പ്രദക്ഷിണ വഴിയിൽവച്ചു തന്നെ കണ്ടു മുഖം തിരിച്ചു നടന്ന  വിശാലിനെ അവൾ ശ്രദ്ദിച്ച
തേയില്ല.  പ്രഭാതഭക്ഷണം കഴിക്കാനിരുന്നപ്പോൾ പത്മാവതിയമ്മ മകളുടെ അടുത്തുചെന്നു തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു. 

"മോള് വിഷമിക്കരുത്... പണവും പത്രാസുമൊക്കെയുണ്ടാവുമ്പം ചിലരങ്ങനെയാ എല്ലാം മറക്കും.  എനിക്കു നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്. ഇനിയെങ്കിലും ഞാൻ നിന്നോടതു പറഞ്ഞില്ലെങ്കിൽ  ആ കുട്ടിയോട് ചെയ്യുന്ന വല്ല്യ അപരാധമായിരിക്കുമത്." 

അതെന്താണെന്ന അർഥത്തിൽ അവൾ അമ്മയെ നോക്കി. 

"നമ്മുടെ ജയകൃഷ്ണന്റെ കാര്യം തന്നെയാ, നിന്റെ മുറച്ചെറുക്കൻ . ആ കുട്ടി കല്യാണം വേണ്ടാന്നു പറഞ്ഞു നടക്കുന്നതെന്തുകൊണ്ടാ ണെന്ന്   മറ്റാർക്കും അറിയില്ലേലും എനിക്കു നന്നായറിയാം. 
നീയെന്നു വച്ചാൽ അവനു ജീവനാ. അവനും എന്റാങ്ങളേം പലതവണ അക്കാര്യം എന്നോട് സൂചിപ്പിച്ചതാ.  ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്തു ജീവിക്കുന്ന അവനെ നിന്റച്ഛൻ ഒരിക്കലും അംഗീകരിക്കില്ലെന്നറിയാം. അദ്ദേഹത്തിൻറെ പ്രതികരണം ഭയന്നാ എല്ലാം ഞാൻ  മറച്ചുവച്ചത്." 

 അതു പറഞ്ഞു കഴിഞ്ഞപ്പോൾ അവരുടെ മിഴികൾ നിറഞ്ഞുവന്നു . 
നയന അതിശയത്തോടെ അമ്മയെ നോക്കി. അവൾ എഴുന്നേറ്റു ചെന്ന് അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് വിതുമ്പി. 

"ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്..   
എന്നും അമ്മയെന്നെ പിന്തുണച്ചിട്ടേയുള്ളൂ.  ഇനിയീ  മകൾ അമ്മയുടെ ഒരാഗ്രഹത്തിനും എതിരു നില്ക്കില്ല.  അമ്മ ഇപ്പോൾ തന്നെ എന്റെ  സമ്മതം അവിടെ വിളിച്ചറിയിച്ചോളൂ ."
ജീവിതത്തിലെ വെല്ലുവിളികളിൽ തളരാത്ത ഉറച്ച മനസ്സിന്റെ തീരുമാനമാണതെന്ന്  പത്മാവതിയമ്മ തിരിച്ചറിഞ്ഞു. പിന്നെ അവരുടെ  മിഴികളിൽ നിന്നുതിർന്നത്‌  ആനന്ദാശ്രുക്കളായിരുന്നു.

 നീലനിലാവ്  ഒളിവിടർത്തിയ ഏതോ മനോഹര രാത്രിയിൽ  നയനയുടെ 
സ്വപ്നങ്ങൾക്കു വീണ്ടും ചിറകുമുളച്ചു.  അവളുടെ പ്രണയാർദ്രമായ പുതിയ സ്വപ്നങ്ങളിൽ നിറയെ ചന്ദനത്തിന്റെ ഗന്ധമായിരുന്നു . നഷ്ട പ്രണയത്തിന്റെ വേദനകൾ അതിലലിഞ്ഞു നിഷ്പ്രഭമായി. നാവിൽ സദാ തുളസീമാന്ത്രം  ഉരുവിടുന്ന കർപ്പൂരത്തിന്റെ  മണമുള്ള  ചെറുപ്പക്കാരൻ  ആ മനസ്സിൽ നിറഞ്ഞു.  അവൻ കതിർമണ്ടപത്തിൽ വന്നു കൈപിടിക്കുന്ന നാളും കാത്തവളിരുന്നു.  

 അഭീഷ്ടവരദായകനു മുന്നിൽ  ജയകൃഷ്ണനപ്പോൾ 
പലവട്ടം 
സ്രാഷ്ടാംഗം പ്രണമിച്ചു.  പ്രണയസാഭാല്യം തന്നരുളിയ ഭഗവാനയാൾ   മനസ്സിൽ ആയിരം വട്ടം നന്ദി പറഞ്ഞു. കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച മോഹം സഭലമാകാൻ പോവുന്നു. സന്തോഷാധിക്യത്താൽ അവന്റെ ഹൃദയം തുടികൊട്ടി.  കിഴക്ക് വർണപ്രഭ വിടർത്തി ഉദയം വിളിച്ചോതിയ അരുണശോഭ മനസ്സിൽ പകർന്ന്  അവൻ വീട്ടിലേക്കു നടന്നു.  

അഭിലാഷ്  രവീന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ