പകലദ്ധ്വാനം മതിയാക്കി പകലവൻ പടിഞ്ഞാറ് ചേക്കേറാനോരുങ്ങിയ
മകരമാസത്തിലെ ഒരു ചുവന്ന സായന്തനം. കടൽക്കാക്കകൾ വട്ടമിട്ടു പറക്കുന്ന
കടലോരത്ത് ഏതോ ചിറകറ്റ പക്ഷിയുടെ മാംസത്തിന്നായ് ചാവാലിപ്പട്ടികൾ കടിപിടി
കൂട്ടുന്നു. ദ്രുതഗതിയിൽ വന്നു കരയേ പുല്കുന്ന കടൽക്കാറ്റിനപ്പോൾ ചീഞ്ഞ മത്സ്യത്തിന്റെ രൂക്ഷഗന്ധം.
തീരത്തെ കരിങ്കൽ റബ്ബിളുകൾക്കു മുകളിൽ വട്ടം കൂടിയിരുന്ന ആഫ്രോ ഹെയർ സ്റ്റൈൽ ടീനേജ് പയ്യന്മാർക്കു ക്ഷമ നശിച്ചു. പതിവു സമയം കഴിഞ്ഞും സ്റ്റാൻലി എത്തിയിട്ടില്ല. കൂട്ടത്തിൽ നീളം കൂടിയ ചുള്ളൻ കയ്യിലിരുന്ന പാൻമസാല കവറോടെ വായിലേക്കിട്ടുകൊണ്ട് തലകുടഞ്ഞരിശം തീർത്തു. അറബിക്കടലിന്റെ ആനന്ദ വിശാലതയിലേക്കു നീളത്തിൽ കണ്ണെറിഞ്ഞ് അലയാഴിയുടെ അടങ്ങാത്ത ഇരമ്പം കാതിലേക്കുൾക്കൊണ്ടു മറ്റുള്ളവർ കലിപ്പടക്കി. വിളക്കുകാലിനപ്പുറം പാത രണ്ടായ് പിരിയുന്ന ഭാഗത്തേക്ക് ഇടയ്ക്കിടെ അവരുടെ കണ്ണുകൾ അവനായ് പരതുന്നുണ്ടായിരുന്നു.
ഏറെനേരത്തെ മുഷിഞ്ഞ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അവസാനം
അവനെത്തി. കത്തുന്ന കണ്ണുകളുടെ തീഷ്ണതയെ ചെറുത്ത് കയ്യിലിരുന്ന കവർ
ഉയർത്തിക്കാട്ടി വളരെ തന്മയത്വത്തോടെ അവനവരെ മയപ്പെടുത്തി.
" എന്താടാ ഇത്രേം വൈകീത്.....? "
" പലടത്തും പോലീസ് ചെക്കിങ്ങുണ്ട്.. സൂക്ഷിക്കണം... "
വീതി കുറഞ്ഞ കരിങ്കൽ പ്രതലത്തിൽ മൂടുറപ്പിച്ചുകൊണ്ട് അവൻ കയ്യിലിരുന്ന പ്ലാസ്റ്റിക് പൊതിയഴിച്ചു. വെയിൽ മാഞ്ഞ തൃസന്ധ്യയുടെ
അരണ്ട വെളിച്ചത്തിലും ചുറ്റുമുള്ള കണ്ണുകളിലെ തിളക്കം അവൻ കണ്ടു.
അനുഭൂതിയുടെ മാസ്മരികത അടിമപ്പെടുത്തിയ ചോരഞരമ്പുകൾ വല്ലാതെ
ത്രസ്സിക്കുന്നു. ലഹരിക്കായ് വെമ്പൽകൊള്ളുന്ന പുതുതലമുറയുടെ ഒടുങ്ങാത്ത ദാഹം. സ്വർഗ്ഗ കവാടം അവർക്കായ് മലർക്കെത്തുറന്ന് അവൻ എഴുന്നേറ്റു. അനുഭൂതികളുടെ അനന്ദ വിഹായസ്സിലേക്ക് വർണ്ണച്ചിറകുകൾ നല്കി അവരെ ലക്ഷ്യമില്ലാതെ അലയാൻ വിട്ട് അവൻ തന്റെ സൈക്കിളിനു നേരെ തിരിഞ്ഞു. ഉള്ളിൽ നുരപൊന്തിയ കുറ്റബോധം പാടുപെട്ടടക്കിക്കൊണ്ട് സാവധാനം സൈക്കിൾ ചവിട്ടിയകന്നു.
വഴിവെളിച്ചത്തിൽ നിന്നൊഴിഞ്ഞ് കുരീപ്പുഴ കയൽപ്പാലത്തിനു കീഴെ നഗര മാലിന്യങ്ങളുടെ ദുർഗ്ഗന്ധവും ശ്വസിച്ച് അവൻ നിന്നു. അറുമുഖൻ
ചെട്ടിയാരുടെ അടുത്ത വിളിയും കാത്ത്. ചോരയൂറ്റാൻ ചുറ്റും വലയം തീർത്ത
ഭീമൻ കൊതുകുകളെ കൈവീശിത്തുരത്തിക്കൊണ്ട് അവൻ കയ്യിലിരുന്ന മിനറൽ
വാട്ടറിന്റെ കുപ്പി വായിലേക്ക് കമിഴ്ത്തി. പെട്ടന്ന് മൊബൈൽ
ശബ്ദിച്ചു. ചെട്ടിയാരാണ്. തെല്ലൊരു ഉൾഭീതിയൊടെ അവൻ ഫോണ്‍ കാതോടു ചേർത്തു.
തമിഴൻ ചെട്ടിയാരുടെ പരുപരുത്ത വാക്കുകൾ കാതിൽ വീണു പുളച്ചു.
" സ്റ്റാൻലീ.. നീ ഇപ്പോ എങ്കേ ഇരിക്കാ.. "
" ഞാൻ കുരീപ്പുഴ പാലത്തിന്റെ .. "
" ആമാ... ശീക്രം അന്ത ഹോസ്റ്റലിക്കു പോ.... രാഗിണി കൂപ്പിട്ടാച്ച്.."
" ഉവ്വ്.. പോകാം.. "
വഴിവിളക്കുകൾ പ്രഭചൊരിഞ്ഞു നില്ക്കുന്ന നഗരവഴികൾ. ലേഡീസ് ഹോസ്റ്റൽ ലക്ഷ്യമാക്കി അവൻ സൈക്കിൾ ആഞ്ഞു ചവിട്ടി. ഹോസ്ടലിന്റെ മതിലിനോടു ചേർന്നുള്ള മരച്ചുവട്ടിൽ സൈക്കിൾ ചാരിവച്ചു. ചുറ്റുമൊരു നിരീക്ഷണം നടത്തി പിന്നാമ്പുറത്തെ
ഗേറ്റിനു നേരെ നടന്നു. മധുരമൂറുന്ന ചിരിയുമായി രാഗിണി അവിടെ കാത്തു
നില്പ്പുണ്ടായിരുന്നു . ഹോസ്റ്റൽ മെസ്സിലെ പാചകക്കാരി സൂസന്നയുടെ
സഹായിയാണ് കൊല്ലംകോടുകാരി രാഗിണി. ഭർത്താവ് പുഷ്ക്കരന്റെ സ്വവർഗ്ഗപ്രേമം തുടക്കത്തിലേ ദാമ്പത്യം താറുമാറാക്കി. നരക ജീവിതം മടുപ്പുളവാക്കിയപ്പോൾ ലഹരിയുടെ തണലിലവൾ സ്വർഗ്ഗം ചമയ്ക്കാൻ തുടങ്ങി. ആയിരത്തിന്റെ അഞ്ചു നോട്ടുകൾ സ്റ്റാൻലിയുടെ കയ്യിൽ വച്ചുകൊടുത്ത് അവൾ പൊതി വാങ്ങി. ഹോസ്റ്റൽമുറ്റത്തെ സൈപ്രസ് മരത്തിനു ചുറ്റുമിരിക്കുന്ന തരുണീമണികളെ നിലാവിന്റെ നേർത്ത വെളിച്ചത്തിൽ അവൻ കണ്ടു. അവരുടെ കോമളവദനങ്ങൾ അവന്റെ കണ്ണുകളെ അൽപ്പനേരം അവിടേക്കാകർഷിച്ചു. രാഗിണി തീർത്ത മായികപ്രപഞ്ചത്തിൽ ആകൃഷ്ടരായെത്തിയ ഈയാം പാറ്റകൾ.
" എന്താടാ ഒരു പുഴുത്ത നോട്ടം..."
പെട്ടന്ന് കൂട്ടത്തിൽ ഒരുവൾ ചാടിയെഴുന്നേറ്റു. തീക്കാറ്റുപോലെ അവനു നേരേ പാഞ്ഞു വന്നു. ജീൻസിനും ടോപ്പിനുമുള്ളിൽ അവളുടെ മെലിഞ്ഞുണങ്ങിയ ശരീരം ആലില പോലെ വിറച്ചു. സട്രെയിറ്റു ചെയ്ത തലമുടി രാക്കാറ്റിൽ കുതറിപ്പറക്കുന്നു. പുകഞ്ഞു കലങ്ങിയ കണ്ണുകൾ അവനെ ആകമാനം ഉഴിയുന്നുണ്ടായിരുന്നു . ചുണ്ടിലെരിഞ്ഞ സിഗരറ്റിന്റെ പുക അലക്ഷ്യമായി ഊതിക്കൊണ്ട് അവൾ ചീറി.
" നീ ചോദിച്ചത് കേട്ടില്ലേടാ ..."
തുടർന്നു വന്ന അശ്ലീലച്ചുവയുള്ള വാക്കുകൾ കാതടപ്പിച്ചു. പ്രകടനം പ്രകോപനപരമെങ്കിലും അവൻ സഹനം ശീലിച്ചിരുന്നു. സിരകളിൽ നുരയുന്ന ലഹരിയിൽ മതിഭ്രമം പിടിപെട്ടപോലെ അവൾ തിളക്കുന്നു. പക്ഷേ അസഭ്യം പുലമ്പുന്ന ആ മുഖത്തേക്ക് നോക്കിയപ്പോൾ സഹതാപമാണു തോന്നിയത്. ഒരു ഡോസ് മരുന്നെടുത്തതിന്റെ നിമിഷ നേരത്തേ തിളപ്പു മാത്രം.
" കൂൾ ഡൌണ്‍ നീനൂ... അവനെ വിട്ടേക്ക് .." കൂട്ടുകാരികൾ വന്ന് അവളെ പിന്നിലേക്ക് വലിച്ചു. .
ഒന്നും മിണ്ടാതെ തിരികെ നടന്നു. ലഹരിയുടെ പ്രകടനം പലരിലും പലവിധമാണല്ലോ?. കെട്ട് അടങ്ങുംവരെ നിർത്താതെ ചിരിച്ചുകൊണ്ടിരിക്കുന്ന ചിലർ. ശോകഗാനങ്ങളും പാടി കണ്ണീരൊഴുക്കി നടക്കുന്ന മറ്റൊരു കൂട്ടർ. ഉള്ളിലെ മൃഗീയ വാസനകൾ പുറത്തെടുത്ത് അക്രമാസക്തരാവുന്ന വേറെ ചിലർ. മൌനവാത്മീകത്തിൽ മുഴുകി സർഗ്ഗചേതനയെ ഉണർത്താൻ ശ്രമിക്കുന്ന ബുദ്ധിജീവികളും കുറവല്ല.
തിരികെയുള്ള യാത്രയിൽ വഴി ഏറെക്കുറേ വിജനമായിരുന്നു. നഗരപാതയിൽ നിന്നും ചന്ദ്രപുരം കോളനിയിലേക്കു തിരിയുന്ന നാൽക്കവലയിലെത്തിയപ്പോൾ അവനൽപ്പം ചിന്താക്കുഴപ്പത്തിലായി. വീട്ടിലേക്കു പോവണോ....?.
പകൽ തപിപ്പിച്ച ധരിത്രിയുടെ രാവിന്റെ മറവിലെ മുക്തപ്രയാണം പോലെ ഒരു ചെറുചുഴലിക്കാറ്റു കിതച്ചു. അടുത്ത കടത്തിണ്ണയിൽ അന്തിയുറങ്ങാനെത്തിയ വൃദ്ധഭിക്ഷാടകന്റെ ശ്വാസകോശത്തിൽ പൊടികയറിയുള്ള തുമ്മൽ ഞെട്ടലുണർത്തി. അമ്മച്ചിയുടെയും സ്റ്റെഫിയുടെയും ദീന വദനങ്ങൾ അഗതാരിൽ കനൽ വിതച്ചപ്പോൾ വീട്ടിലേക്കു പോവാൻ തന്നെ അവൻ തീരുമാനിച്ചു.
ചിതലരിച്ച വേലിക്കു നടുവിൽ കുറുകെ വച്ചിരുന്ന മുളങ്കമ്പെടുത്ത്
മാറ്റി മുറ്റത്തേക്ക് കയറി. തകര മേൽക്കൂരയും പലകഭിത്തിയുമുള്ള ചെറിയ
വീടിന്റെ വാതിൽപ്പടിയിൽ അമ്മച്ചിയും സ്റ്റെഫിയും
കാത്തിരുപ്പുണ്ടായിരുന്നു. അമ്മച്ചി വിളമ്പിയ ചൂടുകഞ്ഞി അച്ചാറും ചമ്മന്തിയും കൂട്ടി കഴിക്കുന്നതിനിടയിൽ സ്റ്റെഫി വന്ന് അവന്റെ മുന്നിലിരുന്നു.
"ഇച്ചായാൻ ഒരു കാര്യമറിഞ്ഞോ..."
" എന്താടീ.."
" ഇന്നിവിടെ എന്നെക്കാണാൻ രണ്ടുമൂന്നുപേര് വന്നിരുന്നു..."
പറയുമ്പോൾ ആ മുഖം നാണത്താൽ കുതിരുന്നത് അവൻ കണ്ടു. നടന്നത് പെണ്ണുകാണൽ
ചടങ്ങു തന്നെയെന്ന് വദനം വിളിച്ചോതി.
" നേരാ മോനേ ഞാൻ പറയാൻ തുടങ്ങുവാരുന്നു. നിങ്ങടെ ചാച്ചനൊരു നല്ലകാര്യം ചെയ്തു. മുണ്ടംതുരുത്തിക്കാരാ കൂട്ടര്. ചെറുക്കനു ബിസിനസ്സാന്നാ പറഞ്ഞത്. പേര് മാത്യൂസ്. ചാച്ചന്റെ ഏതോ സ്നേഹിതാൻ മുഖേനെ വന്ന ആലോചനയാ. പിള്ളേർക്ക് രണ്ടിനും ഇഷ്ടായി.." അമ്മച്ചി ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി.
" എന്നിട്ട് ചാച്ചനെന്നോടോരു വാക്കു പറഞ്ഞില്ലല്ലോ അമ്മച്ചീ..."
" അതിനു നിങ്ങളുതമ്മിൽ മിണ്ടീട്ടു വേണ്ടേ.. "
" അതെന്തുകൊണ്ടാണെന്ന് അമ്മച്ചിക്ക് നന്നായിട്ട് അറിയാമല്ലോ.." അവന്റെ ശബ്ദം പതിവിലുമുയർന്നു.
" എന്തായാലും ഇതൊരു നല്ലകാര്യമല്ലേ മോനെ. നീയതൊക്കെ മറന്നുകള. സ്ത്രീധനമായിട്ട് ഇഷ്ട്ടമുള്ളതു കൊടുത്താമതി. മോളേ അവർക്കു വല്ലാതങ്ങു ബോധിച്ചു. എല്ലാം കർത്താവിന്റെ കൃപ.. "
"എനിക്കും അതിൽ സന്തോഷമേ ഒള്ളമ്മച്ചീ.... " അത് പറഞ്ഞപ്പോൾ അവന്റെ കണ്ണു നനഞ്ഞു.
അമ്മച്ചി പിന്നെയൊന്നും പറഞ്ഞില്ല. വേലിക്കരികിൽ മുരടനക്കം
കേട്ടപ്പോൾ ചാച്ചനാണെന്നു മനസ്സിലായി. ഉറയ്ക്കാത്ത കാലടികളോടെ മൈക്കിൾ
വന്ന് വീടിനുള്ളിലേക്ക് കയറി. വലിച്ചുതീർന്ന സിഗരറ്റുകുറ്റി തറയിൽ ചവിട്ടിക്കെടുത്തി അയാൾ കട്ടിലിലേക്കു മറിഞ്ഞു.
അടുത്തെവിടെയോ നിന്നും കേട്ട പോലീസ് ജീപ്പിന്റെ സൈറൻ അവനിൽ
ഞെട്ടലുണർത്തി. തലേന്ന് ചെട്ടിയാരുടെ അനുചരൻ കൊടുത്ത മുന്നറിയിപ്പ്
പെട്ടെന്നോർത്തു. രാത്രി വീട്ടിൽ കിടന്നുള്ള ഉറക്കം ഇനിമുതൽ അത്ര പന്തിയല്ല. അമ്മച്ചിയോട് വിവരം പറഞ്ഞപ്പോൾ ആ കണ്ണു നിറഞ്ഞു. പിതാവുതന്നെ മകനു സമ്മാനിച്ച നരക ജീവിതം. ആത്മസങ്കടം അധികരിച്ച് അവരുടെ ഹൃദയം വിണ്ടു നീറി. അത് കണ്ടില്ലെന്നു നടിച്ച് ടോർച്ചുമെടുത്തു പുറത്തേക്ക് നടന്നു. അടുത്തുള്ള പള്ളിയുടെ സെമിത്തേരിയായിരുന്നു ലക്ഷ്യം.
ഉയരം കുറഞ്ഞ മതിൽ ചാടിക്കടന്നു. ആത്മാക്കളുടെ അന്ത്യവിശ്രമ
വേദിയിലേക്കു കയറി. ചെറുപ്പത്തിൽ ആ വഴി പോകാൻ കൂടി ഭയന്നിരുന്നു.
ഇരുട്ടിൽ വിലയം പ്രാപിച്ച ശ്മശാനത്തിന്റെ നിതാന്ത നിശബ്ദതയിൽ ഏകനായ്
നിന്ന് ശേഷിച്ച ഭീതിതചിന്തകൾ ഉള്ളിൽനിന്നകറ്റി. ഏതോ ധനാഡ്യന്റെ കല്ലറക്കു മുകളിലെ മുന്തിയ ഗ്രാനൈറ്റ് ഭലകത്തിൽ കൈകളിൽ തലവച്ചുകിടന്നു. എന്നിട്ട് അനന്ദമായ ആകാശത്തേക്ക് വൃഥാ കണ്ണയച്ചു .
അടുത്തുള്ള കോണ്‍ക്രീറ്റ് സ്ലാബിനുമേൽ സുഖസുഷുപ്തിയിലായിരുന്ന കറുത്ത
ശുനകൻ അതു രസിക്കാത്ത മട്ടിൽ ഒന്ന് ഞരങ്ങി. പ്രീയപ്പെട്ടവർക്കായ്
പ്രാർഥിച്ചു മടങ്ങിയ ആരോ സമർപ്പിച്ചുപോയ വാടിയ പൂക്കളുടെ ഗന്ധം മൂക്കിൽ തുളച്ചുകയറി.
മേഘങ്ങളൊഴിഞ്ഞ മാനത്തു നിറയെ എണ്ണമറ്റ നക്ഷത്ര രാജികൾ. അവയുടെ വർണ്ണ ദീപ്തി കണ്ണിലാവാഹിച്ചു കിടന്നപ്പോൾ പിതാവിനെക്കുറിച്ചു തന്നെ അവൻ ചിന്തിച്ചു. കുടുംബത്തിനു താങ്ങും തണലുമായിരുന്ന മൈക്കിൾ ജീവിതവീഥിയിൽ എപ്പോഴോ
വഴിമാറി നടന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടതോടെ അയാൾക്ക്
ജോലി നഷ്ടപ്പെട്ടു. ലഹരിയിൽ ഉറഞ്ഞു തുള്ളുന്ന അയാളുടെ പീഡനങ്ങൾ മനസ്സു മരവിപ്പിക്കുന്നതായിരുന്നു. ഒടുവിൽ കരൾ രോഗത്തിനടിമപ്പെട്ട് കിടപ്പിലായി. ആറക്ക സംഖ്യയുടെ കണക്കുമായിവന്ന ബ്ലേഡ് സോമൻ ദുർന്നടത്തം വരുത്തിവച്ച ബാധ്യത ബോധ്യപ്പെടുത്തി . വേഗത്തിൽ പണം സമ്പാദിക്കാനുള്ള മാർഗ്ഗവും പിതാവു തന്നെ ഉപദേശിച്ചു. അധമബന്ധങ്ങൾ അതിനു വഴിയുമൊരുക്കി. ചികിത്സയും കടബാധ്യതകളും ചുമലിൽ താങ്ങാഭാരമായപ്പോൾ ഉപദേശം സ്വീകരിച്ചു. അഴുക്കുചാലിലേക്കിറങ്ങി. പക്ഷേ, രോഗത്തിന്റെ തീവ്രത ശമിച്ചപ്പോൾ വീണ്ടുമയാൾ മദ്യപാനം തുടങ്ങി.
സ്മ്രിതിയിൽ നിഴലിച്ച ശിഥില ചിന്തകൾക്കു കടിഞ്ഞാണിട്ട് നിദ്രയുടെ കനിവും കാത്തവൻ കണ്ണുപൂട്ടിക്കിടന്നു. മകര രാത്രിയുടെ ഉഷ്ണയാമങ്ങളിലെവിടെയോ ഉറക്കം അവനെ വിഴുങ്ങി. കിഴക്കുദിക്കിൽ അരുണനുണരും മുൻപേ ഉണർന്നു. ആളൊഴിഞ്ഞ വഴിയിൽ ആംബുലൻസിലെത്തിയ ചെട്ടിയാരുടെ അനുചരൻ വൃത്തികെട്ട മോണകാട്ടിച്ചിരിച്ചു. സംശയലേശമന്യേ ചരക്കെത്തിക്കാൻ പറ്റിയ വാഹനം ആംബുലൻസാണെന്ന ആശയം ചെട്ടിയാരുടെ കാഞ്ഞ ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാണ്. തലേന്നത്തെ കളക്ഷൻ നല്കി പുതിയ പായ്ക്കറ്റ് വാങ്ങി അയാളുടെ നിർദ്ദേശങ്ങൾക്ക് കാത്തു.
സ്കൂൾ പരിസരങ്ങളിലായിരുന്നു അന്നത്തെ ഡ്യൂട്ടി. ആദ്യം ലക്ഷ്യത്തിൽ തെളിഞ്ഞത് പള്ളിക്കരയിലുള്ള ശ്യാമളന്റെ കടയായിരുന്നു . അവിടെയെത്തുമ്പോഴേക്കും വെയിലിനു കനം വച്ചുതുടങ്ങിയിരുന്നു . പതിവു മന്ദഹാസം ചുണ്ടിൽ നിറച്ച ശ്യാമളനോട് കിതപ്പടക്കിക്കൊണ്ട് ഒരു കുലുക്കി സർബത്തു പറഞ്ഞു. ഒറ്റ മുറിയുള്ള
കടയുടെ പിന്നിലെ പ്രത്യേക ഇരിപ്പിടത്തിലേക്ക് സർബത്തുമായി ശ്യാമളൻ അവനെ
നയിച്ചു. ചുറ്റും കണ്ണോടിച്ച് ആരുമില്ലെന്നുറപ്പുവരുത്തി കുട്ടികൾക്കുള്ള
സ്പെഷ്യൽ സ്വീറ്റ്സ് അവൻ മേശപ്പുറത്തു വച്ചു. കമ്മീഷൻ കഴിച്ച് ബാക്കി തുക നൽകുമ്പോൾ ശ്യാമളൻ പറഞ്ഞു.
"ആവശ്യക്കാരിപ്പം കൂടുതലാ. ചെട്ടിയാരേ ഞാൻ വിളിച്ചിരുന്നു. നീയൊന്ന് ഒർമ്മിപ്പിച്ചേക്കണം.. "
" ഞാൻ പറയാം.."
അത്രയും പറഞ്ഞ് അവൻ കത്തുന്ന വെയിലിലേക്കിറങ്ങി. മധ്യാഹ്ന രശ്മികൾ വസ്ത്രത്തിന്റെ നേരിയ പ്രതിരോധവും ഭേദിച്ച് മേനിയേ പൊള്ളിച്ചു. അടുത്തുള്ള നഗരസഭാ കാര്യാലയത്തിന്റെ അങ്കണത്തിലെ വാകമരത്തണലിൽ അൽപ്പനേരമവൻ വിയർപ്പകറ്റി നിന്നു . എൻഡോ സൾഫാനെതിരെയുള്ള ഒരു പ്രതിഷേധ സമരമപ്പോൾ അവനെക്കടന്നു പോയി. കർത്തവ്യബോധമുണർന്നപ്പോൾ വീണ്ടും എരിയുന്ന വെയിൽ നാളങ്ങൾ അവനെ എതിരേറ്റു.
നശിച്ചതൊഴിൽ ഉപേക്ഷിച്ച് എവിടേക്കെങ്കിലുമൊരു പലായനം അവൻ പലപ്പോഴും ചിന്തിച്ചതാണ്. പക്ഷേ
അമ്മച്ചിയുടെയും സ്റ്റെഫിയുടെയും തോരാത്ത നയനങ്ങൾ അപ്പോഴെല്ലാം
പിന്തിരിപ്പിച്ചു. ഇരുട്ടിനെ വകഞ്ഞുമാറ്റി വീട്ടിലേക്കു സൈക്കിൾ
ചവിട്ടുമ്പോൾ പെട്ടന്ന് ഫോണിൽ വിളിവന്നു. ബ്ലേഡ് സോമന്റെ നമ്പർ. അവൻ
ഫോണെടുത്തു.
" ഹലോ.. "
" അടുത്ത ഞായറാഴ്ചയാ നീ പറഞ്ഞ ലാസ്റ്റ് ഡേറ്റ്. അതായത് പതിനഞ്ചാം തീയതി.."
" മറന്നിട്ടില്ല.. കാലത്തുതന്നെ ഞാനങ്ങെത്തും.."
" ഓർമ്മിപ്പിച്ചെന്നേയോള്ളൂ.. നിന്നെയെനിക്കു വിശ്വാസമാ .. "
വീട്ടിലെത്തിയ ഉടൻതന്നെ സോമനു നൽകാനുള്ള പണം സൂക്ഷിച്ച ട്രങ്ക് പെട്ടിതുറന്നു. അതിൽ കണ്ട കാഴ്ച അവന്റെ ശ്വാസം നിലപ്പിച്ചു. പത്രക്കടലാസിൽ പൊതിഞ്ഞു സൂക്ഷിച്ച നോട്ടുകൾ പകുതിമുക്കാലും ചിതലരിച്ചു തീർത്തിരുന്നു. ഒരു ഭ്രാന്തനെപ്പോലെ പെട്ടിക്കുള്ളിൽ അവൻ കയ്യിട്ടിളക്കി. കുറേ ചിതലുകൾ അവന്റെ കൈകളിലേക്കും പടർന്നു കയറി. കണ്ണുകളിൽ ഇരുളിമ നിറയുന്നു. പഴകിയ മരക്കസേരയിൽ അവൻ പ്രജ്ഞയറ്റു തളർന്നിരുന്നു. ഉഷ്ണ താപമേറ്റപോലെ ഉൾത്തടം വെന്തു നീറി. കടൽക്കാറ്റിലടഞ്ഞ ജനൽപ്പാളിക്കിടയിൽ പിടയുന്ന ഗൌളിയുടെ ഞെരിഞ്ഞമർന്ന മരണം വേദനയോടെ കണ്ടു. പതറുന്ന കാലടികളോടെ അത്താഴം വേണ്ടെന്നുവച്ച് ഇരുട്ടിലെക്കിറങ്ങി നടന്നു. അടുക്കളപ്പുറത്തെ അലക്കുകല്ലിൽ ഇരുന്നു മൊബൈലിൽ മാത്യൂസുമായി സല്ലപിച്ചിരുന്ന സ്റ്റെഫി അവനെക്കണ്ടു നാണത്തോടെ എഴുന്നേറ്റു.
ഞായറാഴ്ച രാവിലേതന്നെ സോമന്റെ വിളി വന്നു. ഒരു മാസത്തെ അവധി കൂടി അയാളോട് യാചിച്ചു. അസഭ്യ വാക്കുകൾ കൊണ്ട് കാതു തുളച്ചെങ്കിലും ഒടുവിൽ സമ്മതിച്ചു. ബാധ്യതകൾ ഏറി വരുന്നു. പൊള്ളുന്ന പകലുകളിൽ പുകയുന്ന ചിന്തകൾ അവനെ ഭ്രാന്തുപിടിപ്പിച്ചു. ഉന്മത്തദാഹികൾക്കിടയിൽ മായികത തീർത്തുകൊണ്ട് പകലിരവില്ലാതെ അവൻ നഗര പ്രാന്തങ്ങൾ താണ്ടി.
വൈകിയെത്തിയ ഒരുനാൾ വീട്ടുമുറ്റത്തെ ആൾക്കൂട്ടം കണ്ടപ്പോൾ ഉള്ളൊന്നു കാളി. പിടക്കുന്ന ഹൃദയവുമായി വീട്ടിനുള്ളിലേക്കു പാഞ്ഞു
കയറി. നിലത്തിരിക്കുന്ന അമ്മച്ചിയുടെ മടിയിൽ തലവച്ചുകൊണ്ട് കിതക്കുന്ന
സ്റ്റെഫി. കഴുക്കോലിൽ നിന്നും തൂങ്ങിയാടുന്ന അറുത്തു മാറ്റപ്പെട്ട കയർ. കരഞ്ഞു വീർത്ത കണ്ണുകൾ ബദ്ധപ്പെട്ടു തുറന്ന് അമ്മച്ചി അവനെ ദയനീയമായി നോക്കി.
" സമയത്ത് കണ്ടത് ഭാഗ്യമായി.. അല്ലെങ്കിൽ.. " കൂട്ടത്തിലാരോ പറഞ്ഞു.
അയൽക്കാർ മടങ്ങിക്കഴിഞ്ഞപ്പോൾ അമ്മച്ചിക്കരികിലിരുന്നു. കൈകൾ കൂട്ടിപ്പിടിച്ചു കാര്യമന്വേഷിച്ചു. പക്ഷെ എന്തിനാണത് ചെയ്തതെന്ന് അവൾ പറഞ്ഞിരുന്നില്ല. ഒടുവിൽ അവന്റെയും അമ്മച്ചിയുടെയും നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ അവൾ
എല്ലാം തുറന്നു പറഞ്ഞു.
വാക്കുകളിൽ തേൻപുരട്ടി അന്ന് മാത്യൂസ് വിളിച്ചു. ഭാവി ഭർത്താവാണെന്ന ധൈര്യത്തിൽ അവൾ ചെന്നു. വാടകക്കെടുത്ത വണ്ടിയിൽ അവന്റെ കൂട്ടുകാരെയും കണ്ടപ്പോൾ അപകടം മണത്തു. പെണ്ണുകാണൽ ചടങ്ങിന് വീട്ടിൽവന്ന് മാത്യൂസിന്റെ പെങ്ങളെന്നു പരിചയപ്പെടുത്തിയവൾ അൽപ്പവസ്ത്രധാരിയായി അവർക്കിടയിലിരുന്നു മദ്യം നുണയുന്നു. സ്റ്റെഫിയെ കണ്ടപ്പോൾ ലഹരി പതഞ്ഞ അവളുടെ മുഖത്തൊരു ഗൂഡ മന്ദഹാസം. ചതിയുടെ ആഴം എത്രയെന്നു ബോധ്യപ്പെട്ടു. മാത്യൂസിന്റെ വെറിപിടിച്ച കൈകൾ സ്റ്റെഫിയെ ചുറ്റിവരിഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അയാൾ ചവച്ചുതുപ്പിയ നികൃഷ്ട വാക്കുകൾ അവളെ അടിമുടി തകർത്തു.
" ഓസിനല്ലെടീ, നിന്റെ തന്തക്ക് കാശെണ്ണിക്കൊടുത്തിട്ടാ.. "
കാമവെറിയന്മാർക്കിടയിൽ നിന്നും ഓടി രക്ഷപ്പെടുമ്പോഴും ആ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി. മാത്യൂസിന്റെ വഞ്ചനയെക്കാളേറെ അവളെ വേദനിപ്പിച്ചത് ആ അറിവായിരുന്നു. ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിക്കാൻ അതവളെ പ്രേരിപ്പിച്ചു.
കേട്ടപ്പോൾ ബോധമണ്ടലത്തിൽ കൂരിരുൾ നിറയുന്നതവൻ അറിഞ്ഞു. തീപ്പോള്ളലേറ്റ പോലെ ചിത്തം പിടയുന്നു. കുഴഞ്ഞു വീഴാൻ തുടങ്ങിയ അമ്മച്ചിയെ അറിയാതെ കൈകൾ താങ്ങി. കൊടുംചതിക്കുള്ള പ്രതികാര ദാഹം
കനലായ് ഉള്ളിൽ നിറഞ്ഞു. ചോരചിന്താൻ അരിവാളിനു മൂർച്ച കൂട്ടി കത്തുന്ന
പകയുമായ് ഉറക്കമൊഴിച്ചു കാത്തിരുന്നു. പക്ഷെ അന്നു രാത്രി അയാൾ വന്നില്ല.
ചെട്ടിയാരുടെ വിളി അസഹ്യമായപ്പോൾ ഫോണ്‍ ഓഫ് ചെയ്തു. പിറ്റേന്നു
രാത്രിയും മൈക്കിൾ വരാതെയായപ്പോൾ തീരുമാനത്തിൽ മാറ്റംവരുത്തി. അമ്മയേയും
പെങ്ങളേയും കൂട്ടി നാടുവിടുക. ആരും തിരിച്ചറിയാത്ത ഏതെങ്കിലുമൊരു
നാട്ടിലേക്ക്.
പിറ്റേന്ന് പകൽവെട്ടം വീഴും മുൻപേ അവർ വീടു പൂട്ടിയിറങ്ങി. മുറ്റം കടന്നു റോഡിലേക്കിറങ്ങുമ്പോൾ ഒരു
വട്ടം കൂടി അവൻ തിരിഞ്ഞു വീടിനു നേരെ നോക്കി, ഒരു പക്ഷേ, ഇനിയൊരു
തിരിച്ചുവരവ് ഉണ്ടാകണമെന്നില്ല. അറിയാതെ കണ്ണു നിറഞ്ഞു. ആദ്യം കിട്ടിയ
ഓട്ടോയിൽ റെയിൽവേ സ്റെഷനിലേക്ക്. പിന്നെ വടക്കോട്ടുള്ള ഏതോ തീവണ്ടിയുടെ ജനറൽ കമ്പാർട്ട്മെന്റിൽ. ആഗ്രഹം ഒന്നു മാത്രം. നശിച്ച നാട്ടിൽ നിന്നും പെട്ടന്നൊരു മോചനം. ലക്ഷ്യം അജ്ഞാതമെങ്കിലും ഉള്ളിൽ ശുഭപ്രതീക്ഷ ഉണ്ടായിരുന്നു.
പോക്കറ്റിൽ ഫോണ്‍
നിർത്താതെ ബെല്ലടിച്ചപ്പോൾ എടുത്തു. നിമിഷനേരത്തെ നിശബ്ദതക്കൊടുവിൽ
കേട്ടത് ബ്ലേഡ് സോമന്റെ പരിചിതമായ ശബ്ദം. അസഭ്യവർഷംചൊരിഞ്ഞ് അയാളുടെ
വാക്കുകൾ അവന്റെ കാതിൽ വീണു ചിതറി.
"നിന്റെ തന്തയിപ്പം എന്റെ കസ്റ്റടീലുണ്ട്.. തരാനുള്ള കാശും കൊണ്ടുവന്നാ ജീവനോടെ കൊണ്ടുപോകാം..."
അവൻ മറുപടി ഒന്നും പറഞ്ഞില്ല. ഫോണ്‍ കാതിൽവച്ചുകൊണ്ട് പുറംകാഴ്ചകളിൽ മുഴുകി നിസ്സംഗതയോടെ നിശബ്ദത പാലിച്ചു. മറുതലക്കൽ നിന്നും മറുപടിയൊന്നും കിട്ടാതെയായപ്പോൾ സോമൻ കൂടുതൽ കുപിതനായി.
"പച്ച വെള്ളം കൊടുത്തിട്ടില്ല. കരൾദീനം കൂടി ഇപ്പോൾത്തന്നെ തീരുന്ന മട്ടാ.. സംശയമുണ്ടേ ദേ കേട്ടോ..? "
" മോനേ.... " മൈക്കിളിന്റെ വരണ്ടുണങ്ങിയ തൊണ്ടയിൽ ബഹിർഗമിച്ച പ്രാണരക്ഷാർഥമുള്ള നിലവിളി അവൻ കേട്ടു. നിർവികാരത
നിഴലിച്ച അവന്റെ ഹൃദയത്തിൽ ആ ശബ്ദം തരിമ്പും വേദന ഉണർത്തിയില്ല.
എന്തിനെന്നില്ലാതെ ഒരു മന്ദസ്മിതം മാത്രം അറിയാതെ ചുണ്ടിൽ വിരിഞ്ഞു.
കാര്യമറിയാതെ സ്റ്റെഫിയും അമ്മച്ചിയും പരസ്പരം നോക്കി. തീവണ്ടിയുടെ തുറന്ന ജനാലയിലൂടെ പെട്ടന്നവൻ ഫോണ്‍ പുറത്തേക്കു വലിച്ചെറിഞ്ഞു. ചെളിനിറഞ്ഞ ചതുപ്പ് നിലത്തേക്കു തെറിച്ചുവീണ അത് കുറച്ചുനേരംകൂടി ശബ്ദിച്ചു. പിന്നെ നിലച്ചു. അതിന്റെ അങ്ങേ തലക്കലെ ശബ്ദവും അപ്പോൾ എന്നേക്കുമായി നിലച്ചിരുന്നു.
അഭിലാഷ് രവീന്ദ്രൻ