2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

"കനൽ വിളയാട്ടം (കഥ)"കനൽ വിളയാട്ടം  (കഥ )


ഡോക്ടർ ശോഭാ ജോണിന്റെ മുൻപിലിരുന്നു  സോമദത്തൻ വല്ലാതെ വിളറി വിയർത്തു.  ഒരാശ്രയത്തിനെന്നോണം അയാൾ  കൈകൾകൊണ്ട് മേശമേൽ അള്ളിപ്പിടിച്ചു. ഈ നിമിഷം ഉടലോടെ എരിഞ്ഞു തീർന്നിരുന്നെങ്കിൽ എന്നയാൾ  ആഗ്രഹിച്ചു പോയി. സൊമദത്തന്റെ വരണ്ട കണ്ണുകൾക്ക് ചുവരിലെ ഘടികാരത്തിൽ ചലനം നഷ്ടപ്പെട്ടു. അതിലെ കൂർത്ത സൂചികൾ തനിക്കു നേരെ നീണ്ടു വരുന്നതുപോലെ. അവ നെഞ്ചിലേക്കാഴ്ന്നിറങ്ങി ഹൃദയം കീറിമുറിക്കുന്നു. തൊട്ടു മുൻപ്  ഡോക്ടർ പറഞ്ഞ വാക്കുകൾ അയാളെ അത്രമാത്രം തളർത്തിക്കളഞ്ഞിരുന്നു. പതിനാറു  തികഞ്ഞിട്ടില്ലാത്ത മകൾ കൃഷ്ണ രണ്ടുമാസം ഗർഭിണിയാണ്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തു വളർത്തിയ പൊന്നുമകൾ.      

പുറത്തെ ബെഞ്ചിൽ ഹൃദയമിടിപ്പോടെ കാത്തിരുന്ന ഭാര്യ സുമംഗലക്കുമുന്നിൽ അയാൾ തലകുമ്പിട്ടു നിന്നു. ഭർത്താവിന്റെ തകർന്ന മുഖം അവരുടെ ആധി വർദ്ധിപ്പിച്ചു.      

"എന്തുപറ്റി ദത്തേട്ടാ നമ്മുടെ മോൾക്ക്‌ ." സുമംഗല അയാളുടെ ഇരു കരങ്ങളും കൂട്ടിപ്പിടിച്ചുകൊണ്ട്‌  ചോദിച്ചു.      

"എല്ലാം പറയാം, നീ വാ..." അയാൾ അവരുടെ  കൈപിടിച്ചുകൊണ്ട്‌ പുറത്തേക്കു നടന്നു.  
    
 ഹോസ്പിറ്റലിന്റെ റിസെഷപ്ഷനോട്  ചേർന്നുള്ള അക്വേറിയത്തിലെ സ്വർണ്ണ മത്സ്യങ്ങളെക്കണ്ടാസ്വദിച്ചു നില്ക്കുകയാണ് കൃഷ്ണ. നിഷ്കളങ്കമായ അവളുടെ കണ്ണുകൾ  തലങ്ങും വിലങ്ങും നീങ്ങുന്ന ആ സുന്ദര മീനുകൾക്കു പിന്നാലെ പാഞ്ഞു നടക്കുന്നു. പിന്നിലൂടെ വന്നു കൈകളിൽ ബലമായ്‌ പിടിച്ചുവലിച്ചുകൊണ്ട്  പുറത്തേക്കുനടന്ന അച്ഛനെ അവൾ പേടിയോടെ നോക്കി. പക്ഷെ അയാളുടെ  മുഖഭാവം തിരിച്ചറിയാൻ 
അവൾക്കു കഴിഞ്ഞില്ല. 

കാറിലേക്ക് കയറി സൊമദത്തൻ  ശക്തമായി ഡോർ വലിച്ചടച്ചു. സുമംഗല ഭീതിയോടെ ഭർത്താവിനെ നോക്കി. അയാൾ പെട്ടന്ന് കാർ സ്റ്റാർട്ട്‌  ചെയ്തു മുൻപോട്ടെടുത്തു. ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നു കാർ മെയിൻ റോഡിലേക്ക് പ്രവേശിച്ചു.      
"ഡോക്ടർ എന്തുപറഞ്ഞമ്മേ..." കൃഷ്ണ സുമംഗലയുടെ തോളിലേക്ക് ചാരിയിരുന്നുകൊണ്ട്‌ ചോദിച്ചു.      
അവർ മകളെ ദയനീയമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. സോമദത്തന്റെ  ഭാവം കണ്ടിട്ട് ഒന്നും ചോദിക്കാൻ കഴിയുന്നുമില്ല.      
സോമദത്തന്റെ  ഉള്ളിലപ്പോൾ ഒരു കൊടുങ്കാറ്റു രൂപം പ്രാപിക്കുകയായിരുന്നു.  അത്  ഭീകരരൂപം കൊണ്ട്  
സോമദത്തന്റെ   ചിന്താ മണ്ഡലത്തെയാകെ ചുഴറ്റി മറിച്ചു.  ഉള്ളിൽ നുരപൊന്തി വന്ന ദേഷ്യവും അമർഷവുമെല്ലാം അയാൾ ആക്സിലരേട്ടരിനോടു തീർത്തു. കൈകൾ സ്റ്റിയറിംഗ്  വീലിൽ യാന്ത്രികമായ്‌ ചലിച്ചു. കാറിനു മരണ വേഗത കൈവന്നു. സുമംഗലയും കൃഷ്ണയും ഒന്നുമറിയാതെ ഭീതി പൂണ്ട കണ്ണുകളാൽ പരസ്പരം നോക്കി.  
സോമദത്തന്റെ  
ചിന്തകൾ  ഭ്രാന്തു പിടിച്ചലഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളിൽ ജീവിതത്തിൽ സംഭവിച്ച രംഗങ്ങൾ  ഓരോന്നായ്  വെള്ളിത്തിരയിലെന്നപോലെ മനസ്സിൽ തെളിഞ്ഞു.     

 മൂന്നു മാസങ്ങൾക്കു മുൻപ്  വിഷാദ രോഗത്തിനടിമപ്പെട്ട മകൾ കൃഷ്ണയേയും കൊണ്ട്  ഡോക്ടർ രാധാകൃഷ്ണനെ കാണാൻ പോയ രംഗം.
 മകൾസൈക്കാർട്ടിസ്റ്റിനു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകൾ അന്ന്  അയാളെയും ഭാര്യയേയും ഞെട്ടിച്ചു കളഞ്ഞു.     

 'സ്മാർട്ട് ബോയ്‌ '  എന്ന പേരിൽ റോസാ പുഷ്പങ്ങളുടെ ഇമേജിൽ ഫേസ് ബുക്കിൽ അവൾക്കുവന്ന ഫ്രണ്ട് റിക്വസ്റ്റ്. പേരിലെ പ്രത്യേകതയോ പുഷ്പങ്ങളുടെ മനോഹാരിതയോകൊണ്ടാവാം അവൾ ആക്സെപ്റ്റ് ചെയ്തു. പിന്നീടു 
മെസ്സേജുകളുടെ ഒരു പ്രവാഹം. അവന്റെ പ്രൈവറ്റ്മെസ്സേജുകൾക്കെല്ലാം അവൾ മറുപടി കൊടുത്തു.  ദിവസങ്ങൾക്കകം അതൊരു പ്രണയമായ് തളിർത്തു. മൃദുല സ്വപ്നങ്ങൾക്കു ചിറകുകൾ മുളച്ചു. ആദ്യ സമാഗമം പാർക്കിൽ വച്ചാകാമെന്നവർ തീരുമാനിച്ചു. സുന്ദര സ്വപ്‌നങ്ങൾ കണ്ണിൽ നിറച്ചു പാർക്കിലെ ചാരുബെഞ്ചിൽ അവൾ അവനെയും കാത്തിരുന്നു. അടയാളങ്ങളെല്ലാം ഒത്തുവന്ന ആൾ അരികിൽ വന്നിരുന്നപ്പോൾ ആകാംഷ അണപൊട്ടി. മധുരമനോഹര വാക്കുകൾ ചാലിച്ച  മെസ്സേജുകൾക്കു പിന്നിലെ  തന്റെ മോഹങ്ങൾക്ക്‌ ചിറകുകൾ നല്കിയ സമപ്രായക്കാരനെ കാത്തിരുന്ന അവൾ അടുത്തു വന്നിരുന്ന മധ്യവയസ്കനെ കണ്ടു ഞെട്ടി വിയർത്തു. കപട ലോകത്തിന്റെ കാണാപ്പുറങ്ങൾ അജ്ഞമായ ആ നിഷ്കളങ്ക ഹൃദയം മുറിഞ്ഞു. അതൊരു ഉണങ്ങാത്ത മുറിവായി അവളുടെ മനസ്സിനെ നീറ്റി. പിന്നെ അവൾ ഊണും ഉറക്കവും പഠനവും ഉപേക്ഷിച്ചു.  ഉള്ളിൽ വിഷാദ ചിന്തകളുടെ കൂരാക്കൂരിരുട്ട്  മാത്രം. 
"നിങ്ങൾ മാതാപിതാക്കൾ തന്നെയാ ഇതിനൊക്കെ ഉത്തരവാദികൾ."  ഡോക്ടറതു പറഞ്ഞപ്പോൾ മൌനം പാലിച്ചു. 
 
അന്ന്  മനോരോഗ ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തി സൊമദത്തൻ ആദ്യം ചെന്നത് കൃഷ്ണയുടെ റൂമിലേക്കായിരുന്നു.    
മകളുടെ ഏറെ നാളത്തെ നിർബന്ധത്തിനു വഴങ്ങി വാങ്ങിക്കൊടുത്ത ലാപ് ടോപ്പ്  എറിഞ്ഞുടച്ച്‌  അന്നയാൾ കലിയടക്കി. പക്ഷെ ഡോക്ടർ രാധാകൃഷ്ണന്റെ  ചികിത്സകൾക്കൊന്നും അവളിൽ കാര്യമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.    

 സുമംഗലയുടെ അമ്മയാണ് ചെന്നീർക്കരയിലെ മാന്ത്രിക സിദ്ധനെക്കുറിച്ചു പറഞ്ഞത്. മനസ്സിന്റെ താളം തെറ്റിയ പലരെയും ജീവിതത്തിലേക്ക് തിരികെയെത്തിച്ച ദിവ്യനായ മനുഷ്യൻ. ആൾദൈവങ്ങളെ  വെറുത്തിരുന്നെങ്കിലും  മകളുടെ അപ്പോഴത്തെ അവസ്ഥ അവരെ അവിടേക്കെത്തിച്ചു.  
   
 ഏതോ പഴയ മന വിലക്കു വാങ്ങി മുൻഭാഗം അൽപ്പം മൊടിപിടിപ്പിച്ചെടുത്തതായിരുന്നു ആ 
സിദ്ധാലയം. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം.
തറയിൽ ചുവപ്പു  പരവതാനി വിരിച്ചിരിക്കുന്നു  . ഏഴു തിരികളിട്ടു കൊളുത്തിയ വിളക്കിനു പിന്നിൽ ചമ്രം പടഞ്ഞിരുന്നു ധ്യാനിക്കുന്ന ദിവ്യൻ.  മുന്നിൽ സ്രാഷ്ടാംഗം പ്രണമിക്കുന്ന  ഭക്തർ. സംസാര വ്യഥകൾ എരിക്കുന്ന മനസ്സുമായി ശാന്തിയുടെ കുളിർ തേടിയെത്തിയ അശരണർ. സമനില തെറ്റിയവരുടെ പൊട്ടിച്ചിരിയും രോദനവും അലർച്ചകളും കൊണ്ടു മുഖരിതമായ അന്തരീക്ഷം. നാലാൾ ബലമായി പിടിച്ചുകൊണ്ട് വരുന്ന ഭ്രാന്തന്മാർ പോലും അദ്ദേഹത്തിന്റെ മുന്നിലെത്തി അനുഗ്രഹം വാങ്ങി തീർധജലം കുടിക്കുമ്പോൾ ശാന്തരാവുന്നു. മരുന്നും മന്ത്രവും ഒരുപോലെ ഫലിക്കുന്ന അത്ഭുത ചികിത്സ.     

 "ഒന്നും അങ്ങോട്ട്‌ പറയേണ്ടതില്ല എല്ലാം അദ്ദേഹം അറിയുന്നു." ശിഷ്യരിലോരാൾ ആദ്യം തന്നെ പറഞ്ഞു.  തലയിൽ കൈവച്ചുള്ള 
സിദ്ധന്റെ ധ്യാനത്തിനും ന്ത്ര പ്രയോഗത്തിനും ശേഷം ഭസ്മം വിതറി രോഗിയേയുംകൊണ്ട്   ശിഷ്യന്മാർ   അകത്തേക്ക് പോകും.   തലയിൽ തളം വയ്ക്കുന്നതിനും ഒറ്റമൂലി ചികിത്സക്കും വേണ്ടിയാണത്‌.  തിരികെയെത്തുന്നതു  വരെ രോഗിയുടെ ബന്ധുക്കൾ തറയിൽ മുട്ടുകുത്തി കൂപ്പുകൈകളുമായി പ്രാർഥനയോടെയിരിക്കണം. ഉച്ചത്തിലുള്ള സിദ്ധമന്ത്രങ്ങളും മണിനാദവും എങ്ങും മുഴങ്ങുന്നു.  പുറത്തുനിന്നും ആർക്കും അകത്തേക്ക് പ്രവേശനമില്ല.    

  
സിദ്ധന്റെ  ശിഷ്യൻ ഏറ്റവും അവസാനമാണ് കൃഷ്ണയുടെ പേര്  വിളിച്ചത് . സോമദത്തനും സുമംഗലയും പ്രാർഥനാനിമഗ്നരായി സിദ്ധനോതിക്കൊടുത്ത മന്ത്രവും ഉരുവിട്ട് തൊഴുകൈകളോടെ കാത്തിരുന്നു. തിരികെ പോരുമ്പോൾ ചില ഔഷധക്കൂട്ടുകൾ കൂടി സിദ്ധൻ അവർക്കു കൊടുത്തയച്ചു. അതിരാവിലെ വെറും വയറ്റിൽ കഴിക്കാനുള്ളത്. ഒന്നുരണ്ടു തവണ കൂടി സിദ്ധാലയത്തിൽ പോകേണ്ടി വന്നു. എന്തായാലും മരുന്നുകളുടെയോ മന്ത്രത്തിന്റെയോ ശക്തി ഫലിച്ചു. അവളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. വളരെ നാളുകൾ കൂടി അവൾ ചിരിക്കാനും സംസാരിക്കാനും തുടങ്ങി. അവൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു .  സ്കൂളിലും പോയിത്തുടങ്ങി. അപ്പോൾ വീണ്ടുമിതാ ദുർവിധിയുടെ കനൽ വിളയാട്ടം.      

  കാർ അപ്പോൾ ഗ്രാമ പാതയിലേക്കു പ്രവേശിച്ചിരുന്നു. കണ്ണെത്താ ദൂരം പച്ച പിടിച്ച പാടങ്ങൾ.  പാടശേഖരങ്ങൾക്ക്‌ മുകളിൽ കുറുകിയ കാറ്റിൽ അയാളുടെ ഹൃദയ നൊമ്പരങ്ങൾ പടർന്നു. മുന്നിൽ പാത രണ്ടായി പിളരുന്നതായും അവിടെ അഗാധ ഗർത്തങ്ങൾ രൂപപ്പെടുന്നതായും അയാൾക്കു തോന്നി. മലകൾക്കപ്പുറം മടക്കയത്രക്കൊരുങ്ങിനിന്ന പകലോന്റെ  മുഖമപ്പോൾ ചുവന്നു തുടുത്തിരുന്നു.     

 അന്ന് രാത്രി വിങ്ങുന്ന ഹൃദയത്തോടെ സോമദത്തൻ പറഞ്ഞ കാര്യങ്ങൾ സുമംഗലയുടെയും  ഉറക്കം കെടുത്തി. 
ടുത്ത കട്ടിലിൽ ഒന്നുമറിയാതെ ഉറങ്ങുന്ന മകളെ അവർ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നോക്കി. കരൾമുറിയുന്ന വേദനയാൽ അവർ പുളഞ്ഞു.     
 അസ്വസ്ഥത കൂടുകെട്ടിയ മനസ്സോടെ സോമദത്തൻ ഹാളിലൂടെ തലങ്ങും വിലങ്ങും നടന്നു. ഭഗവാന്റെ പരീക്ഷണങ്ങൾ ഏറിവരുന്നു. അയാൾ സ്വന്തംജീവിതത്തിലേക്കൊരു തിരിഞ്ഞു നോട്ടം നടത്തി. 
തന്റെ വക്കീൽ ജീവിതത്തിൽ ഒരിക്കൽ പോലും വേദനിക്കുന്നവർക്ക് സ്ഥാനമുണ്ടായിട്ടില്ല. കൃത്യമായി ഫീസ്‌ തരുന്നവർക്കു വേണ്ടി മാത്രമേ ഇതുവരെ വാദിച്ചിട്ടുള്ളൂ. ഏതു കൊടിയ പാപം ചെയ്തവനു വേണ്ടിയും കണ്ണുമടച്ചു വാദിച്ചു. മനസ്സാക്ഷി എന്ന വാക്കിന് താൻ ഒരിക്കൽപോലും സ്ഥാനം കല്പിച്ചിട്ടില്ല. ദൈവത്തിനു നിരക്കാത്ത പലതും ചെയ്തു. അർഹതപ്പെടാത്ത പലതും നേടി. പലരും പ്രത്യുപകാരമായി തന്ന പലതും പണമായും അല്ലാതെയും  സ്വീകരിച്ചു. സ്വന്തം ഭാര്യയേയും പലതവണ വഞ്ചിക്കേണ്ടി വന്നു.  മാനം നഷ്ടപ്പെട്ട പല പെണ്‍കുട്ടികളുടെയും ചുടു കണ്ണുനീർ .  എല്ലാത്തിനും ഈശ്വരൻ തരുന്ന പ്രതിഫലമായിരിക്കും ഇതെല്ലാം. എങ്കിലും തന്റെ  പോന്നുമോളോട്  ഈ ക്രൂരത കാട്ടിയതാരായിരിക്കും.    
സോമദത്തന്റെ മനസ്സിനുള്ളിൽ ഒരു  കോടതി രൂപപ്പെട്ടു. അവിടെ പല വാദപ്രതിവാദങ്ങളും നടന്നു. പലരും അവിടെ വിസ്തരിക്കപ്പട്ടു.  പക്ഷെ ഒരു  ക്രിമിനൽ ലോയറുടെ കൂർമ്മബുദ്ധി അവിടെ പരാജയപ്പെടുകയായിരുന്നു. മകളോട്  നേരിട്ട് ചോദിക്കാമെന്നുവച്ചാൽ  അതപകടമാണ്. നേരിയ മാനസിക സംഘർഷങ്ങൾ പോലും അവളെ പഴയ നിലയിലെക്കെത്തിക്കാം. എങ്കിലുമയാൾ  ഭാര്യയെക്കൊണ്ട്  അവളോട്‌   മയത്തിൽ ചോദിച്ചു മനസ്സിലാക്കാൻ  ഒരു ശ്രമം നടത്തി. പക്ഷെ അരുതാത്തതൊന്നും നടന്നതായി അവളിൽ നിന്നും അറിയുവാൻ കഴിഞ്ഞില്ല.   
 ഭ്രൂണഹത്യക്കുള്ള ഡേറ്റ്  നിശ്ചയിച്ചു ഡോക്ടർ ശോഭാ ജോണ്‍ അയാളെ വിളിച്ചു. കളവു പറഞ്ഞു മകളെ വിശ്വസിപ്പിച്ച്  സുമംഗലയോടൊപ്പം ഡോക്ടറുടെ അടുത്തേക്കയച്ചു. പിന്നീടുള്ള ദിവസങ്ങൾ നിയമ പുസ്തകത്തിന്റെ താളുകളിൽ പരതി എല്ലാം മറക്കുവാനുള്ള ശ്രമമായിരുന്നു. തിൽഒരുപരിധി വരെ അയാൾ വിജയിക്കയും ചെയ്തു.    

 ഒരു തിരക്കൊഴിഞ്ഞ വൈകുന്നേരം വളരെ വേണ്ടപ്പെട്ടോരാൾ സൊമദത്തനെ കാണാൻ ഓഫീസിലെത്തി.  പറ്റെ വെട്ടിയ തലമുടി. ഷേവ്  ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങളിൽ അവിടവിടെ നര പടർന്നിട്ടുണ്ട്. കോട്ടൻ ഡബിൾ മുണ്ടും ഷർട്ടുമാണ് വേഷം.  പുകയിലക്കറ പുരണ്ട പല്ലു കാട്ടി അയാളൊരുവരണ്ട ചിരി ചിരിച്ചു. 
തെളിവില്ലാതെ കോടതി വെറുതേവിട്ടതിന്റെ  സന്തോഷം അയാളുടെ മുഖത്തപ്പോൾ  പ്രതിഭലിച്ചിരുന്നു.    

"ഒരുപാട് നന്ദിയൊണ്ട്  സാറേ..."    

"നന്ദി മാത്രമേ ഒള്ളോ കണ്ണപ്പാ .."    

സോമദത്തന്റെ  ചോദ്യംകേട്ടു കണ്ണന്റെ ചുണ്ടിൽ വീണ്ടും ഒരു വൃത്തികെട്ട ചിരി പൊട്ടി.  
പാമ്പ് കണ്ണൻ , അതായിരുന്നു അയാൾക്ക്‌ നാട്ടുകാർ നല്കിയ ഇരട്ടപ്പേര്. സിറ്റിയിലെ അറിയപ്പെടുന്ന സോഷ്യൽ നൂയിസെൻസ്. തട്ടിപ്പും കൂട്ടിക്കൊടുപ്പും കൊലപാതകവും ഒരുപോലെ വഴങ്ങുന്നവൻ . അതൊകൊണ്ട് പണത്തിനു മാത്രം ക്ഷാമമില്ല .സഹോദരന്റെ ഭാര്യയെ വെട്ടിക്കൊന്ന  കേസിൽനിന്നാണിപ്പോൾ  അയാൾ രക്ഷപ്പെട്ടിരിക്കുന്നത്. കണ്ണൻ കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ സോമദത്തനു മുന്നിൽ വച്ചു.
"സാറിനേറ്റവും ഇഷ്ടപ്പെട്ട ബ്രാൻഡാ."
സോമദത്തൻ  ചിരിച്ചു. 
"ഇതുമാത്രമല്ല വേറൊരു സമ്മാനവും ഞാൻ സാറിനു വേണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്.  ഇത്തവണ അഞ്ചാറു  കൊല്ലമെങ്കിലും ഞാൻ അഴിയെണ്ണേണ്ടതാ. സാറിന്റെ ഒറ്റയാളുടെ കഴിവ് കൊണ്ട് മാത്രമാ രക്ഷപെട്ടത്. എന്ത് തന്നാലും മതിയാവില്ലെന്നറിയാം."
 കണ്ണൻ അറേഞ്ച് ചെയ്ത സമ്മാനമെന്താണെന്നു സോമദത്തനു നല്ല നിശ്ചയമുണ്ടായിരുന്നു .  മകൾക്ക് നേരിട്ട ദുര്യോഗ മോർത്താവാം ഇത്തവണ ഉള്ളിലിരുന്നാരോ അയാളെ പലവട്ടം വിലക്കി.  പക്ഷെ കണ്ണൻ കൊണ്ടുവന്ന വിദേശി അല്പം സേവിച്ചു കഴിഞ്ഞപ്പോൾ  ആ   വിലക്കുകളെയെല്ലാംഅയാൾ  മറികടന്നു.
കണ്ണന്റെ ഇൻഡിക്ക കാറിലാണ് അവർ അവിടേക്ക് പുറപ്പെട്ടത്‌. നഗര പാത പിന്നിട്ടു കാർ ആൾപാർപ്പു കുറഞ്ഞ പ്രദേശത്തുകൂടി കുറെ ദൂരം ഓടി. അപ്പോൾ പകലിനു നിറം മങ്ങിത്തുടങ്ങിയിരുന്നു. മദ്യത്തിന്റെ വീര്യം അയാളെ  ഒരു മയക്കത്തിലേക്കു നയിച്ചു. ഏതോ ഒരു പഴയ കെട്ടിടത്തിന്റെ  കാടുപിടിച്ച പിന്നാമ്പുറത്തെ തുരുമ്പിച്ച  ഗേറ്റിനു സമീപം കാർ നിന്നു. കണ്ണന്റെ പിന്നാലെ അയാൾ തുറന്ന വാതിലിലൂടെ അകത്തേക്ക്  നടന്നു.
"വീഐപീസിനുള്ള സ്പെഷ്യൽ അറേഞ്ച് മെന്റാ സാറേ."   
  തൂവെള്ള വിരിപ്പുള്ള സ്പോഞ്ച്  മെത്തയിലേക്ക്  സൊമദത്തനെ പിടിച്ചിരുത്തിക്കൊണ്ട് കണ്ണൻ  ചെവിയിൽ പറഞ്ഞു. സൊമദത്തന്റെ ഉള്ളിൽമധുരസ്മരണകൾ ചിറകടിച്ചുയർന്നു. ഇടുങ്ങിയ ഇടനാഴിയിലെ അരണ്ട വെളിച്ചത്തിലൂടെ നിഴൽ രൂപങ്ങൾ പോലെ മൂന്നുപേർ നടന്നു വരുന്നത് അയാൾ കണ്ടു. രണ്ടാണുങ്ങൾക്കു നടുവിൽ നടന്നത് ചന്ദമുള്ള പെണ്‍കുട്ടി തന്നെയെന്ന് വാതിൽ കടന്നു പോയപ്പോൾ സോമദത്തൻ മനസ്സിലാക്കി. അവളുടെ പാദസരത്തിന്റെ  കിലുക്കം അയാളെ കുളിരണിയിച്ചു.
"സാറിനു ഭാഗ്യമൊണ്ട്.  ഫ്രെഷാണെന്നാ ചന്ദ്രപ്പൻ  പറഞ്ഞത് " കണ്ണൻ ശബ്ദം താഴ്ത്തി പറഞ്ഞു.
"കൊതിപ്പിക്കാകതെടോ." സോമദത്തന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു.   
"ഇവിടെ വേറേം സെറ്റപ്പൊക്കെയുണ്ട്‌. എല്ലാം സാറിന്റെ ഇഷ്ടം."  കണ്ണൻ തുടർന്നു.  
പക്ഷെ പിന്നീടു കണ്ണൻ പറഞ്ഞ കാര്യങ്ങൾ അക്ഷരാർഥത്തിൽ സോമദത്തനെ ഞെട്ടിക്കുന്നതായിരുന്നു. താനെത്തപ്പെട്ടിരിക്കുന്നതെവിടെയെന്നും തന്റെ മകൾക്കു നേരിട്ട ചതിയുടെ ഉറവിടം അതാണെന്നും അയാളറിഞ്ഞു .തലക്കുള്ളിൽ കടവാവലുകൾ ചിറകടിച്ചു പറക്കുന്നു . കണ്ണിൽ അന്ധകാരം പടരുന്നു. എങ്ങും മിന്നൽ പ്രവാഹങ്ങൾ.
ഏതോ സിദ്ധൌഷധത്തിന്റെ  മാസ്മരികതയിൽ പാതിമയങ്ങിയ പെണ്‍കുട്ടിയെ ബെഡ്ഡിൽക്കൊണ്ടു കിടത്തിയവരെ സോമദത്തന്റെ കണ്ണുകൾ പെട്ടന്നോർത്തെടുത്തു.  അയാളുടെ വറ്റിവരണ്ട തൊണ്ടയിൽ മുളച്ച അസ്പഷ്ട ശബ്ദം ഉണങ്ങിപ്പിരിഞ്ഞു . സിദ്ധ മന്ത്രങ്ങളും  മണിനാദവും കാതിൽ മുഴങ്ങി.ഭസ്മത്തിന്റെ ഗന്ധം നാസികകൾ മണത്തു.  
പാമ്പു കണ്ണനും കൂട്ടരും ശുഭാശംസകൾ നേർന്നു വാതിൽ ചാരി പുറത്തിറങ്ങിയതയാൾ അറിഞ്ഞില്ല. 
  ബെഡ്ഡിൽ  ഒന്നുമറിയാതെ  അർദ്ധമയക്കത്തിലാണ്ടു  കിടന്ന പെണ്‍കുട്ടിയെ സോമദത്തന്റെ  പിടയുന്ന നയനങ്ങൾ അടിമുടി ഉഴിഞ്ഞു. അവളുടെ മുടിയിലും വസ്ത്രത്തിലും ഭസ്മം പറ്റിപ്പിടിച്ചിരിക്കുന്നു. മകൾ കൃഷ്ണയുടെ പ്രായം വരുന്ന ഓമനത്തമുള്ള പെണ്‍കുട്ടി.  സ്കോച്ച്  വിസ്കിയുടെ വീര്യം പാടേ കെട്ടടങ്ങുന്നതയാൾ അറിഞ്ഞു.  ബോധ മണ്ഡലത്തിൽ ഇരുട്ടു നിറയുന്നു. ചുറ്റും ചുടല നൃത്തം ചവിട്ടുന്ന രക്ത രക്ഷസ്സുകൾ. വെട്ടിവിയർത്ത ആ ശരീരത്തു നിന്നും അപ്പോൾ നീരാവി പൊങ്ങി.  
 പ്രജ്ഞയിൽ നിറഞ്ഞ അന്ധകാരത്തിലെ അവ്യക്ത നിഴലുകൾക്കിടയിൽ അയാൾ കണ്ടു.  മകളുടെ രോഗമുക്തിക്കായി മുട്ടിന്മേൽ നിന്ന്  സിദ്ധമന്ത്രം ഉരുവിടുന്ന അച്ഛനമ്മമാരുടെ രണ്ടു ദയനീയ മുഖങ്ങൾ.  ഒറ്റമൂലി ചികിത്സക്കെന്ന വ്യാജേന ആ മനയുടെ ഉൾ മുറിയിലെവിടെയോ അവരുടെ മകളപ്പോൾ..... 
പെട്ടന്ന് സൊമദത്തന്റെ മൊബൈൽ ശബ്ദിച്ചു. ഭാര്യ സുമംഗലയാണ് . മൊബൈൽ കാതോടു ചേർക്കുമ്പോൾ കൈവിരലുകൾ വിറക്കുന്നതായി  അയാൾക്കു തോന്നി.
സുമംഗലയുടെ നീണ്ട നിലവിളി ഫോണിലൂടെ അയാൾ കേട്ടു . അതിന്റെ അന്ത്യത്തിൽ മുറിഞ്ഞടർന്ന വാക്കുകൾ കാതിൽ വീണു പൊട്ടിച്ചിതറി.
"എല്ലാം പോയി ദത്തെട്ടാ... നമ്മുടെ മോൾ...."
പിന്നീടവൾ പറഞ്ഞതത്രയും അയാളുടെ തലക്കുള്ളിൽ ശൂന്യത നിറച്ചു. എങ്ങും നിറയുന്ന ശൂന്യത. 
"എന്റെ പോന്നു മോളേ...." ഭ്രാന്തമായ ആ വിളി സിദ്ധാലയത്തിന്റെ അകത്തളങ്ങളിൽ പ്രതിദ്വാനിച്ചു.  
ഇരു കൈകളും കൊണ്ടയാൾ സ്വന്തം തലയിൽ ആഞ്ഞടിച്ചുകൊണ്ട്  മുടികൾ വലിച്ചു പറിച്ചു. പിന്നെ അലറിച്ചിരിച്ചു. വസ്ത്രങ്ങൾ വലിച്ചുപറിച്ചെറിഞ്ഞുകൊണ്ട്  അയാൾ പുറത്തേക്കോടി.  
 മുഖം മിനുക്കിയ വാണിഭപ്പുരയുടെ ഇടനാഴിയിലൂടെ അകത്തളങ്ങൾക്കു പുറത്തേക്ക്. കപട സിദ്ധന്റെ  മന്ത്രപ്പുരയും കടന്ന്. പൊടി പുതച്ചുറങ്ങുന്നതെരുവീഥിയിലൂടെ അർദ്ധ നഗ്നനായി അയാൾ ഓടിയകന്നു.  അതിനിടയിൽ സ്വന്തം കാൽ തട്ടി മറിഞ്ഞ നിലവിളക്കിലെ തീ  പടർന്നു പിടിച്ചത്  അയാളറിഞ്ഞില്ല .  പിന്നിൽ കത്തിയമരുന്ന സിദ്ധാലയവും പ്രാണനും കൊണ്ടോടുന്ന ഭക്തരേയും അയാൾ കണ്ടില്ല.  
അഭിലാഷ് രവീന്ദ്രൻ

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം )