2014, മാർച്ച് 6, വ്യാഴാഴ്‌ച

വർഷം 1971- ഒരു തുലാവർഷ രാത്രിയിൽ (കഥ)


എന്റെ പ്രിയ സ്നേഹിതൻ  ഒരു നീണ്ട യാത്ര പോകുന്നു . ഇനിയൊരു തിരിച്ചു വരവ്  അസാധ്യമായ മറ്റൊരു ലോകത്തേക്ക്. ആരോടും പരാതികളും പരിഭവങ്ങളുമില്ലാതെ നിത്യശാന്തിയുടെ അപാരതീരങ്ങൾ തേടിയുള്ള മടക്കമില്ലാത്ത യാത്ര. മനസ്സ് അരുതെന്ന് പലവട്ടം വിലക്കിയിട്ടും കണ്‍തടങ്ങൾ വല്ലാതെ വിങ്ങിത്തുടിച്ചു. പൊട്ടിയടർന്ന കണ്ണുനീർ ചാലിട്ടോഴുകി . ഉള്ളിന്റെ  ഉള്ളിലെ തീവ്ര നൊമ്പരങ്ങളുടെ ബഹിർസ്ഫുരിണം.

  ആ വലിയ വീടിന്റെ  ഉമ്മറത്തെ ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു.  ചിത എരിഞ്ഞു തീരാൻ ഇനിയും സമയമെടുക്കും. അവസാനത്തെ യാത്രയയപ്പു നല്കി  ഉറ്റവരും ഉടയവരും ഒഴികെ മറ്റെല്ലാരും മടങ്ങിത്തുടങ്ങി. ഞാനും എന്റെ പഴയ അംബാസിഡർ കാറിനു നേരേ നടന്നു. സിസ്സർ ഫിൽട്ടറിന്റെ പുകച്ചുരുളിൽ വിരസത അകറ്റി ഡ്രൈവർ അക്ഷമനായി കാത്തു നിൽപ്പുണ്ടായിരുന്നു. 

"വീട്ടിലേക്കല്ലേ സാറേ   " വണ്ടി സ്റ്റാർട്ടു ചെയ്യുന്നതിനിടയിൽ ഡ്രൈവറുടെ ചോദ്യം.

"ആദ്യം താൻ പള്ളീലോട്ടു വിട്  " എന്റെ മറുപടി പെട്ടന്നായിരുന്നു.

 മാനാച്ചിറ സെന്റ്‌  ഗ്രിഗോറിയോസ് പള്ളിയുടെ വിശാലമായ മുറ്റത്തു വണ്ടി നിന്നു.  ചരൽ വിരിച്ച മുറ്റത്തുകൂടി നടന്നു ചെന്ന് പള്ളിക്കകത്തേക്കുള്ള  പടി കയറിയപ്പോൾ വലതുകാൽമുട്ട്  വല്ലാതെ വേദനിച്ചു. വാർദ്ധക്യത്തിന്റെ അരക്ഷിതകൾ എന്നേയും അലട്ടിത്തുടങ്ങിയിരിക്കുന്നു. പിന്നെയീ എഴുപത്തിയൊന്നാം  വയസ്സിലും ഇത്രയൊക്കെ പറ്റുന്നുണ്ടല്ലോന്നോർത്തപ്പോൾ ഉള്ളിൽ ഒരു സമാധാനം. ക്രൂശിത രൂപത്തിനുമുന്നിൽ ഞാൻ മുട്ടുകുത്തി നിന്നു. സ്വയം യാതനകളേറ്റുവാങ്ങി മനുഷ്യരാശിക്കു പാപമുക്തി നല്കിയ ആ ദിവ്യ ചൈതന്യത്തെ മനസ്സിലേക്കാവാഹിക്കാൻ ഒരു ശ്രമം നടത്തി.

ആകുലതകൾ മനസ്സിനെ ആലോസരപ്പെടുത്തുമ്പോൾ എപ്പോഴും ഞാൻ  അങ്ങനെയാണ്. എല്ലാം ഈശ്വരനിലർപ്പിച്ച്  അൽപനേരത്തെ ഏകാന്ത ധ്യാനം.

"ഉറ്റ ചങ്ങാതി പോയി അല്ലേ..."   നരച്ച താടിയിൽ വിരലോടിച്ചുകൊണ്ടുള്ള ഫാദർ സെബാസ്റ്റിയന്റെ  ചോദ്യമാണ് എന്നെ ഉണർത്തിയത്.

"സമയമാവുമ്പം എല്ലാരും പോയല്ലേ പറ്റൂ ഫാദർ .."  എന്റെ മറുപടി പുരോഹിതനിൽ മന്ദഹാസമുണർത്തി.

അച്ചനോട് യാത്ര പറഞ്ഞു പുറത്തേക്കു നടക്കുമ്പോൾ എങ്ങും ഇരുട്ടു പരന്നിരുന്നു.  മടക്കയാത്രയിൽ  മനസ്സാകെ കലുഷമാകുന്നതു ഞാനറിഞ്ഞു. വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം ഇരുട്ടിനെ തുളച്ചുകൊണ്ടു  മുന്നേറി. ആ വെളിച്ചത്തിൽ  വട്ടം ചുറ്റി പറക്കുന്ന അൽപ്പപ്രാണികൾ . വിട ചൊല്ലി അകന്ന കൂട്ടുകാരന്റെ  മുഖം മനസ്സിൽ നിന്നും മായുന്നില്ല.

 പുഴയോടു ചേർന്നുള്ള വഴിയരികിൽ എത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു.  ഡ്യൂട്ടി തീർന്ന സന്തോഷത്തോടെ അയാൾ  യാത്രപറഞ്ഞു പോയി. മിക്ക ദിവസങ്ങളിലും ഞാനും സ്നേഹിതനും സംഗമിക്കാറുള്ള സ്ഥലം. വിശ്വപ്രകൃതി വശ്യചാരുത ചാലിച്ചെഴുതിയ മനോഹര തീരം. റോഡരികിൽ നിന്നും തീരത്തേക്കുള്ള പടികളിറങ്ങാൻ വളരെ ബുദ്ധിമുട്ടി. തീരത്തെ വിശാലമായ പുൽപ്പരപ്പിൽ കാൽ നീട്ടിയിരുന്നപ്പോൾ മനസ്സിനു വല്ലാത്ത ശാന്തത. തെളിഞ്ഞ ആകാശത്ത്‌ അവിടവിടെ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു.  മുകളിൽ അർദ്ധചന്ദ്രന്റെ ചിരിക്കുന്ന മുഖം. പുഴയിലെ  കുഞ്ഞോളങ്ങളിൽ തട്ടി അത്  പ്രതിലിക്കുന്നു. പുഴ ശാന്തമായി ഒഴുകുന്നു. ഒന്നുമറിയാതെ. ആശ്വാസത്തിന്റെ കുളിർ തേടി തീരത്തണയുന്നവരെ  ആശ്വസിപ്പിച്ചു കൊണ്ട്. ആരോടും വേർതിരിവുകളില്ലാതെ , തന്നിലെ തെളിനീരുകൊണ്ട്  അശാന്തമായ  മേനിയും മനസ്സും കഴുകിത്തണുപ്പിച്ച് അതങ്ങനെ ഒഴുകുന്നു.

പക്ഷെ ചിലപ്പോൾ അതു സംഹാര രുദ്രയാവും. തീരവും പ്രാണനും കവർന്നെടുത്ത്  ആർത്തട്ടഹസിച്ചു കൊണ്ടു  കുലംകുത്തിപ്പായും.
വർഷങ്ങൾക്കു മുൻപ് പുഴ സംഹാര നൃത്തം ചവിട്ടിയ ഒരു തുലാവർഷക്കാലം ഇന്നും എന്റെ മനസ്സിൽ മായാതെ നില്ക്കുന്നു . എനിക്കും അയാൾക്കുമിടയിൽ ആഴമേറിയ സുഹൃത്ബന്ധത്തിനു നാന്ദികുറിച്ച കാലം. 
 വന്യമ്രിഗങ്ങളോട് മല്ലിട്ട് കൃഷിനടത്തി ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന കുറെ പാവപ്പെട്ട മനുഷ്യർ വസിക്കുന്ന ഞങ്ങളുടെ കുഗ്രാമം. രാത്രിയുടെ മറവിൽ പുഴകടന്ന്  കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടാനകൾ.  പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും അവയെ തുരത്താൻ വേണ്ടി  ഉറക്കമോഴിച്ചിരുന്ന ഭീകരരാത്രികൾ . മരച്ചീനിയും  വാഴയുമാണ്  പ്രധാനമായും കൃഷി. കൂട്ടത്തിൽ കാച്ചിലും ചേനയും ചേമ്പുമൊക്കെയുണ്ട് .  അരിയും ഗോതമ്പും അന്ന്  അമൂല്യ വസ്തുക്കൾ.  ദിവസവും രണ്ടുനേരം കഞ്ഞി കുടിക്കാൻ പ്രാപ്തിയുള്ളവൻ അന്നത്തെ പണക്കാരൻ.

 മഴയും വെയിലും ഇടകലർന്ന ഒരു നനുത്ത വൈകുന്നേരം. പകലത്തെ അദ്ധ്വാനം മതിയാക്കി ഞാൻ പുഴയിലിറങ്ങി മുങ്ങിക്കുളിച്ചു  വലയിട്ടു മീൻ പിടിക്കുന്ന ഗോപാലൻ ചേട്ടനോട് അൽപനേരം കുശലം പറഞ്ഞിരുന്നു. പിന്നെ തീരത്തെ പുൽത്തകിടിയിലിരുന്നു കഞ്ചാവിന്റെ  അഞ്ചുരസവും ആസ്വദിക്കുന്ന  തലതിരിഞ്ഞ ചെറുപ്പക്കാരെ മറികടന്നു വീട്ടിലേക്കു നടന്നു. ഷർട്ടെടുത്തിട്ട്  മുഖത്തു പൌഡർ പൂശുമ്പോൾ മനസ്സിൽ നിറഞ്ഞത്‌  കൊച്ചന്നയുടെ സുന്ദരമുഖമായിരുന്നു. ഓലമേഞ്ഞ വീടിന്റെ പിന്നാംപുറത്തെ കിളിച്ചുണ്ടൻ മാവിന്റെ ചോട്ടിൽ അവൾ എന്നെയും കാത്തിരിപ്പുണ്ടാവും. തൊമ്മിച്ചേട്ടന്റെ  മൂന്നു പെണ്മക്കളിൽ ഇളയവൾ.

"ഞാൻ നോക്കിയിരുന്നു മടുത്തു.... "  അന്നും കൊച്ചന്നയുടെ പതിവ് പരാതി .

"പിടിപ്പതു പണിയുണ്ടാരുന്നെടീ..."

"അച്ചായന് എന്നുമീ കൃഷീടേം പണീടേം കാര്യേ ഒള്ളു.  നമ്മടെ കല്യാണത്തെക്കുറിച്ചൊരു ചിന്തേമില്ല..."

"ഇത്തവണത്തെ വിളവെടുപ്പോന്നു കഴിഞ്ഞോട്ടെടീ പെണ്ണേ..." 

"അച്ചായനിതു പറയാൻ തൊടങ്ങീട്ട് കാലം കൊറേ ആയി...''

പരിഭവങ്ങൾ എണ്ണമിട്ടു നിരത്തി അവളെന്റെ തോളത്തേക്ക് ചാരിയിരുന്നു. ആഴമേറിയ നോട്ടം എന്നിലെറിഞ്ഞുകൊണ്ട് കലപില പറഞ്ഞവൾ ചിരിച്ചു. അവളുടെ തുടുത്ത കവിളിണകളെ  അസ്തമനച്ചായമപ്പോൾ  ചുവപ്പിച്ചിരുന്നു.  അന്നത്തെ വറുതി ജീവിതത്തിൽ ഏക  ആശ്വാസം കൊച്ചന്നയോടൊത്തുള്ള കുറേ സുന്ദര നിമിഷങ്ങൾ മാത്രം. ശ്വാസകോശത്തിൽ ബീഡിപ്പുക നിറച്ചുള്ള തോമ്മിച്ചെട്ടന്റെ വില്ലൻ ചുമ ഞങ്ങളെ അടർത്തി മാറ്റി.  അപ്പോഴേക്കും  മാനം കറുത്തു തുടങ്ങിയിരുന്നു. കൊച്ചന്നയോടു യാത്ര പറഞ്ഞ്  ഞാൻ കാവൽപ്പുരയിലേക്കു നടന്നു. ചാറ്റൽ മഴക്കു ശക്തികൂടിയപ്പോൾ തോർത്തുമുണ്ടെടുത്തു തലയിൽ കെട്ടി.    
  കാവൽപ്പുരയിൽ മണ്ണെണ്ണ വിളക്ക്  മങ്ങി പ്രകാശിക്കുന്നുണ്ട്. പലനാളത്തെ ഉറക്കക്ഷീണം കൊണ്ട് എന്റെ കണ്‍പോളകൾ നീരുവന്നു വീർത്തിരുന്നു. ആ കാവൽപ്പുരയിൽ അന്ന് ഞങ്ങൾ നാലുപേരുണ്ടായിരുന്നു.  ചണച്ചാക്കു വിരിച്ച മരപ്പലകക്കു മുകളിൽ ഞങ്ങൾ കണ്ണുടച്ചു കിടന്നു. പുറത്തു നേർത്ത ചാറ്റൽമഴ. പെട്ടന്ന് കൃഷിയിടത്തിലെവിടെയോ ഒരു  ഇലയനക്കം കാതിൽ വന്നലച്ചു. ചാടി എഴുന്നേറ്റ് കൂടെയുള്ളവരെ  തട്ടിയുണർത്തി.  കാട്ടാന അല്ലെങ്കിൽ കാട്ടുപന്നി രണ്ടിലേതെങ്കിലുമാവണം.
കൂട്ടത്തിൽ വെടിയറിയാവുന്ന വാസുവണ്ണൻ ഹെഡ് ലൈറ്റെടുത്തു തലയിൽ ഫിറ്റ് ചെയ്തുകൊണ്ട്  നാടൻ തോക്കിൽ പിടിമുറുക്കി. ലൈറ്റ് തെളിക്കാതെ നേരിയ നിലാവെട്ടത്തിലൂടെ ഞങ്ങൾ നാലുപാടും കണ്ണോടിച്ചു. കുറച്ചകലെ മരച്ചീനിയുടെ ഇലകളനങ്ങുന്നത് സോമന്റെ കണ്ണിൽപെട്ടു. കാട്ടുപന്നിതന്നെയെന്നു മനസ്സിലുറപ്പിച്ചു ഞങ്ങൾ  അവിടേക്കു നീങ്ങി. ലക്‌ഷ്യം മനസ്സിൽകണ്ടു തോക്കുചൂണ്ടി മുൻപിൽ നടന്ന വാസുവണ്ണൻ  ഹെഡ് ലൈറ്റിട്ടതും ഏവരും പകച്ചു പോയി. 
ചെളിയും വെള്ളവും ഒലിക്കുന്ന കപ്പച്ചാക്കും തലയിൽ വച്ച്  വാഴയുടെ മറപറ്റിനിന്നു കിതക്കുന്ന ഒരു കുറിയ മനുഷ്യൻ . കലിപൂണ്ടു തോക്കുമോങ്ങിക്കൊണ്ട് അയാൾക്കു നേരെ പാഞ്ഞടുത്ത വാസുവണ്ണനെ ഞാൻ തടഞ്ഞു.  
"വിട്  പത്രോസേ  ഈ വരത്തനെയിന്നു ഞാൻ.."  വാസുവണ്ണനു  കലിയടങ്ങുന്നില്ല.

"ഏതാ വാസുവണ്ണാ ഇയാള്...?"  ഞാൻ ചോദിച്ചു.

"ആ എങ്ങാണ്ടൂന്നു കുറ്റീം പറിച്ചു വന്നു കൂടിയതാ.  പടിഞ്ഞാറ്റെ ശങ്കരന്റെ പറമ്പിലാ പൊറുതി..." ഉള്ളിലെ അവജ്ഞ മുഴുവൻ വാസുവണ്ണൻ പുറത്തേക്ക് തുപ്പി.

"എന്താടാ നിന്റെ പേര്...? "  ഞാൻ അയാൾക്കു നേരെ തിരിഞ്ഞു.

"പീതാംബരൻന്നാ..., രണ്ടീസായിട്ട്  പിള്ളേര്  മുഴുപ്പട്ടിണിയാ അനിയാ... ഗതികേടോണ്ട് ചെയ്തുപൊയതാ.. ക്ഷമിക്കണം.  "  പീതാംബരൻ എന്റെ മുന്നിൽ ഭൂമിയോളം താണു.

"ഞങ്ങളീ  ചോരേം നീരുമൊഴുക്കി കഷ്ടപ്പെടുന്നത്  നിന്റെ പിള്ളാരടെ പട്ടിണി മാറ്റാനല്ല. അതിനു നീ തന്നെ അദ്ധ്വാനിക്കണം. ഏതായാലും ഇത് നീ കൊണ്ടു പോയ്കോ... ഇനിയീ വേലിക്കിപ്പുറം കടന്നാ നിന്റെ കാലുഞങ്ങളു വെട്ടും... " അത്രയും പറഞ്ഞ് ഉള്ളിലെ അമർഷമടക്കി ഞാൻ തിരികെ നടന്നു.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. പള്ളിയിൽ പോയി മടങ്ങും വഴി കൊച്ചന്നക്കിഷ്ടമുള്ള കുപ്പിവളകൾ വാങ്ങി മടിയിൽ തിരുകാൻ ഞാൻ മറന്നില്ല. കുപ്പിവളകൾ അവൾക്കു വലിയ ഇഷ്ടമാണ്. സ്വർണ്ണ വളകൾ വാങ്ങിക്കൊടുകാൻ എന്റെ കയ്യിൽ പണവുമില്ല.   ഉച്ചതിരിഞ്ഞപ്പോൾ മുതൽ മൂടിക്കെട്ടിയ ആകാശം തുലാമഴക്കു തയാറെടുത്തു. കരിയിലകൾ  വട്ടം ചുഴറ്റിക്കൊണ്ടൊരു ശീതക്കാറ്റു വീശി. പക്ഷികൾ കൂട്ടത്തോടെ ചിലച്ചു പറന്നു.  പെട്ടെന്നുതന്നെ മഴ തിമിർത്തു പെയ്യാൻ തുടങ്ങി. തോടും പുഴയും കലങ്ങിമറിഞ്ഞൊഴുകി. മഴ അൽപമൊന്നു ശമിച്ചപ്പോൾ വലയുമെടുത്തു ഞങ്ങൾ പുഴയിൽ മീൻ പിടിക്കാനിറങ്ങി.

കലങ്ങി ഒഴുകുന്ന പുഴയിൽ അന്ന്  മീനുകളുടെ ചാകരയായിരുന്നു. പിടക്കുന്ന മീനുകളെക്കൊണ്ട് കുട്ടകൾ പെട്ടന്നു തന്നെ നിറഞ്ഞു. മഴയുടെ ഇരമ്പലിൽ എവിടെനിന്നോ ഒരു നിലവിളി എന്റെ കാതിൽ പിടച്ചു. കുറച്ചകലെയായി പുഴയിൽ മീൻ വലയും പിടിച്ചുനിന്നു നിലവിളിക്കുന്ന ഒരാൾ. വെള്ളത്തിനടിയിൽ കല്ലിടുക്കിലെവിടെയോ അയാളുടെ കാലുടക്കിയിരിക്കുന്നു. കണ്ടവരെല്ലാം അങ്ങോട്ടേക്കു പാഞ്ഞു. അടുത്തു ചെന്നപ്പോൾ ആളെ മനസ്സിലായി. പീതാംബരൻ. അയാളുടെ ഇടതുകാൽ മുട്ടോളം പുഴയിലെ അള്ളിൽ പെട്ടുപോയിരിക്കുന്നു.   രക്ഷപ്പെടുത്താൻ ഓരോരുത്തരും ആവുന്നത്ര  ശ്രമിച്ചു. ഞാനും കലക്കവെള്ളത്തിൽ മുങ്ങി അയാളുടെ കാലുയർത്താൻ ശ്രമിച്ചുനോക്കി . പക്ഷെ ഒരു  ഫലവുമുണ്ടായില്ല. പലരും ശ്രമിച്ചു പരാജയമടഞ്ഞു കരയിലേക്കു പിൻവാങ്ങി.

 പകൽവെട്ടം മാഞ്ഞു തുടങ്ങി.  തുലാമഴക്കു ശക്തി കൂടിവന്നു. പരിസര വാസികളെല്ലാംതന്നെ പുഴയോരത്തു നിരന്നു. സഹജീവിയുടെ ദുർവിധിയിൽ ഒരു താങ്ങാവാൻ അവർ ഒറ്റക്കെട്ടായി നിലകൊണ്ടു .വണ്ടിയും വള്ളവും എത്താത്ത ആ കുഗ്രാമത്തിൽ രക്ഷിക്കാൻ പുറത്തുനിന്നാരും എത്തുമെന്ന പ്രതീക്ഷ ആർക്കുമില്ല.  പീതാംബരന്റെ ഭാര്യയുടെയും മക്കളുടെയും ഉച്ചത്തിലുള്ള  തേങ്ങലുകൾ മഴയിൽ കുതിർന്നു. കിഴക്കു മലമടക്കുകളിൽ മഴയുടെ ഹൂങ്കാര ധ്വനി. വെള്ളം ഉയരുന്നതിനോപ്പം പുഴയിലെ ഒഴുക്കും കൂടിവന്നു. ആദ്യം അരനീർ വെള്ളമായിരുന്നതിപ്പോൾ പീതാംബരന്റെ തോളോളം എത്തിയിരിക്കുന്നു . ഏതുനിമിഷവും അയാളെ മൂടി വേള്ളമുയരാം. കരയിൽനിന്നവരുടെ ഹൃദയമിടിപ്പിനു ശക്തി കൂടി.  

"എന്നേ രക്ഷിക്കണേ..."

 പീതാംബരന്റെ ഇടക്കിടെയുള്ള വിലാപം മരണമണി പോലെ എന്റെ കാതിൽ മുഴങ്ങി. മലവെള്ളത്തിന്റെ മരണത്തണുപ്പിൽ ദീർഘനേരമായി നില്ക്കുന്ന അയാളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. പുഴയുടെ രൌദ്ര  ഭാവത്തിനു വീണ്ടും ദ്രുതത കൈവന്നു. ഇരുണ്ട മാനത്തെ മിന്നൽപ്പിണരുകൾ അതിനെ  ബീഭത്സമാക്കി. ഭയാനകമായ ആ അന്തരീക്ഷത്തിൽ രക്ഷാമർഗ്ഗങ്ങളെല്ലാം അടയുന്നു. യമപാശം ഏതു നിമിഷവും അയാളെ വരിഞ്ഞു മുറുക്കാം. കണ്ടുനില്ക്കുവാനുള്ള ത്രാണിയില്ലാതെ പലരും കണ്ണുകളടച്ചു.    

" ഈ  കാലു  മുറിച്ചുമാറ്റിയെങ്കിലും എന്റെ ജീവൻ രക്ഷിക്കണേ....."  അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട പീതാംബരന്റെ  ദീനരോദനം. മരണം മുഖാമുഖം കണ്ടുള്ള  ആ നിലവിളി ഏതു കഠിനഹൃദയവും തകർക്കുന്നതായിരുന്നു.

പക്ഷെ ആർക്കും അതിനു ധൈര്യമുണ്ടായില്ല. ക്ഷോഭിച്ച പ്രകൃതിയുടെ ഭീകര മുഖം ആരെയും പേടിപ്പെടുത്തുന്നതായിരുന്നു. അവിടമാകെ ഇരുട്ടു വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. സഹജീവിയുടെ പ്രാണയാചന എന്റെ സിരകളിൽ തീ പടർത്തി.  എവിടെ നിന്നോ കിട്ടിയ വിപതി  ധൈര്യം എന്നെ നയിച്ചു. രണ്ടും കൽപ്പിച്ച്  മൂർച്ചയേറിയ വെട്ടുകത്തിയുമായി ഞാൻ പുഴയിലേക്ക് ചാടി. ടോർച്ചുകളുടെ വെളിച്ചത്തിൽ കഴുത്തറ്റം വെള്ളത്തിൽ നിന്ന പീതാംബരന്റെ കണ്ണുകളിലേക്കു നോക്കി. ജീവനുവേണ്ടിയുള്ള യാചന ആ കണ്ണുകളിൽ ഞാൻ കണ്ടു. പിന്നെയൊന്നും ആലോചിച്ചില്ല. ഒരു നിമിഷം. കടയറ്റ വാഴപ്പിണ്ടി പോലെ അയാൾ എന്റെ ദേഹത്തേക്കു മറിഞ്ഞു. പൊട്ടിപ്പിളർന്ന നിലവിളിയിൽ പുഴയോരം കിടുങ്ങി.

  കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ദൂരെയുള്ള ആശുപത്രി ലക്ഷ്യമാക്കി കാളവണ്ടി നീങ്ങിക്കൊണ്ടിരുന്നു. രക്തം കിനിയുന്ന മുറിഞ്ഞ കാലുമായി പീതാംബരൻ എന്റെ മടിയിൽ തലവച്ചു കിടന്നു. ഇടക്കെപ്പോഴോ അയാളുടെ വലതുകരം എന്റെ കൈകളിൽ മുറുകെപ്പിടിച്ചത്  ഞാനറിഞ്ഞു. നിറ മിഴികളോടെ ഞാൻ ആ മുഖത്തേക്കു നോക്കി. ആ കണ്ണുകളിൽ ഇടതുകാൽ നഷ്ടപ്പെടുത്തിയവനോടുള്ള വൈരമോ  ജീവൻ രക്ഷിച്ചതിന്റെ നന്ദിയോ എന്നു മനസ്സിലാക്കാൻ എനിക്കപ്പോഴായില്ല. പക്ഷേ പിന്നീടു തോളോടു തോൾ ചേർന്നു പൊരുതി മുന്നേറിയ  ജീവിതത്തിന്റെ  വിജയവീഥിയിൽ പലപ്പോഴും ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു.  ഈ ലോകേ ഇന്നയാൾ നല്ല പോർ പൊരുത്  ഓട്ടം തികച്ചിരിക്കുന്നു. 

 അങ്ങ്  ആകാശച്ചെരുവിലപ്പോൾ ഒരു തിളങ്ങുന്ന നക്ഷത്രം എന്നെനോക്കി കണ്ണുചിമ്മി. പുഴ കടന്നെത്തിയ മന്ദമാരുതൻ ഒരു സ്നേഹ സ്പർശമായ്  എന്നിൽ വന്നു പൊതിഞ്ഞു. ഓളങ്ങളുതിർത്ത കളകളാരവം നേർത്ത സംഗീതമായ്‌ കാതിനെ തഴുകി. തോർത്തു മുണ്ടെടുത്ത് കണ്ണും മുഖവും തുടച്ചു് ഞാൻ എഴുന്നേറ്റു.  കൊച്ചന്നയിപ്പോൾ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും. പടവുകൾ കയറി ഞാൻ കാറിനടുത്തേക്ക് നടന്നു.


അഭിലാഷ്  രവീന്ദ്രൻ 

1 അഭിപ്രായം:

  1. ദിവ്യ ചൈതന്യത്തെ മനസ്സിലേക്കാവാഹിക്കാൻ ഒരു ശ്രമം////ഽ/പൊരുത്തപ്പെടാത്ത ഈ ഒരു വാചകം ഒഴിച്ചാൽ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ